വിലയേറിയ സമ്മാനങ്ങള്‍ നല്‍കി; കാമുകിയോട് 5ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: കാമുകിയോട് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. സ്വകാര്യ മൊബൈല്‍ ഷോറൂമിലെ സെയില്‍സ്മാന്‍ മച്ചംപാളയത്തെ കൃഷ്ണമാറിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

23വയസുള്ള കോളജ് വിദ്യാര്‍ഥിനിയെ പ്രേമിച്ച കൃഷ്ണകുമാര്‍ അവളെ സന്തോഷിപ്പിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുക പതിവായിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കൃഷ്ണകുമാറില്‍ നിന്നകന്ന യുവതി അയാളോട് സംസാരിക്കാതായി. തുടര്‍ന്ന് കഴിഞ്ഞ 17ന് യുവതിയുടെ വീട്ടിലെത്തിയ കൃഷ്ണകുമാര്‍ അവളുമായി വഴക്കിടുകയും തന്നെ ചതിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രൂപ തന്നില്ലെങ്കില്‍ യുവതിയുമായുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കുനിയമുത്തൂര്‍ പൊലീസ് വിവിധ വകുപ്പുകളില്‍ കേസെടുത്ത് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top