പാലക്കാട് അനീസിന്റെ മരണം കൊലപാതകം:അനസിനെ ഫിറോസ് ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്‌

പാലക്കാട്: വിക്ടോറിയ കോളേജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ ഫിറോസ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അപമര്യാദയായി അനസ് പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നത്. കോളേജിന് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിലൂടെ അനസ് വരുമ്പോള്‍ ബൈക്കിൽ വന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു . യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ്‌ ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പോലീസിനോട് പറഞ്ഞു.

Top