പാലാ നഗരസഭ : സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ തർക്കം

പാലാ നഗരസഭ ഭരണത്തെ ചൊല്ലി സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ തർക്കം. ചെയർമാൻ സ്ഥാനത്തേക്കുള്ള ധാരണ കേരള കോൺഗ്രസ് എം പാലിച്ചില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. എന്നാൽ ധാരണ പ്രകാരം മുന്നോട്ട് പോകുമെന്ന് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്. കേരള കോൺഗ്രസ് എമ്മിന് 10 സീറ്റും സി.പി.എമ്മിന് 6 സീറ്റും സി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിനും പിന്നീട് ഒരു വർഷം സി.പി.എമ്മിനും അവസാന രണ്ട് വർഷം വീണ്ടും കേരള കോൺഗ്രസിനും എന്നായിരുന്നു. എന്നാൽ സി.പി.എമ്മിന്റെ ഒരു വർഷം കൂടി കേരള കോൺഗ്രസിന് നല്‍കാൻ നേതാക്കൾ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.

കൗൺസിലർമാർക്ക് ഇക്കാര്യത്തിൽ വലിയ അഭിപ്രായ വ്യത്യാസമാണ് ഉള്ളത്. പക്ഷേ ജില്ലാ നേതാക്കൾ നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് പ്രതികരിക്കുന്നത്. സി.പി.എമ്മിൽ നിന്നും കൗൺസിലറായ ബിനു പുളിക്കണ്ടത്തിനാണ് ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത്. ഇയാളോടുള്ള അവമതിപ്പാണ് പ്രശ്നങ്ങൾക്ക് കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നഗരസഭാ ഹാളിൽ സി.പി.എം – കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റം ഉണ്ടായതിന്റെ ബാക്കിപത്രം കൂടിയാണ് ഈ തർക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുണ്ടായ പടലപ്പിണക്കം ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

Top