‘ചുവപ്പ് പാലം’ മറന്ന പാലാ എം.എൽ.എ, മുന്നണിയിൽ നിന്ന് പുറത്തേക്കോ . . ?

ദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുന്‍പ് തന്നെ മുന്നണി മര്യാദ പരസ്യമായി ലംഘിച്ചിരിക്കുകയാണിപ്പോള്‍ പാലാ എം.എല്‍.എ. മാണി സി കാപ്പന്‍. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടൂവെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അത് അറിയിക്കുമെന്നുമാണ് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ‘ഈ’ അറിയിക്കേണ്ട ഇടം മാധ്യമങ്ങളാണോ എന്നതിന് മാണി.സി കാപ്പന്‍ തന്നെയാണ് മറുപടി പറയേണ്ടത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായിലെ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നെന്നും അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നല്‍കിയതെന്നുമാണ് കാപ്പന്റെ മറ്റൊരു പരാതി. കഴിഞ്ഞ തവണ സംസ്ഥാനത്തുടനീളം നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് നല്‍കിയതെന്ന പരിഭവവും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആക്ഷേപമാണിത്. എന്‍.സി.പി എന്ന ശരദ് പവാറിന്റെ പാര്‍ട്ടിക്ക് ഒറ്റക്ക് നിന്നാല്‍ കേരളത്തില്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാനുള്ള ശേഷിയില്ല. എന്നിട്ടും ആ പാര്‍ട്ടിക്ക് മന്ത്രി പദവിയുള്‍പ്പെടെ നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാണിച്ച വലിയ വിട്ടുവീഴ്ചയാണ്.

മന്ത്രി എ.കെ ശശീന്ദ്രന്‍ മത്സരിച്ച് ജയിച്ച എലത്തൂര്‍ മണ്ഡലം സി.പി.എമ്മിന്റെ ഏറ്റവും ശക്തികേന്ദ്രമാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുന്ന വോട്ടര്‍മാര്‍ക്ക് ഈ മണ്ഡലത്തില്‍ ടൈംപീസിന് വോട്ട് ചെയ്യേണ്ട ഗതികേടാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ കുട്ടനാട്ടിലും ഇപ്പോള്‍ പാലയിലും എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കൊപ്പമുള്ള ജനവിഭാഗം വോട്ട് ചെയ്തതിനാലാണ്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്ന മാണി സി കാപ്പന്‍ ഒറ്റക്ക് മത്സരിച്ചാല്‍ സ്വപ്നത്തില്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വരിക. കാപ്പന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും പാലായിലെ പ്രധാന ശക്തിയാണ് കേരള കോണ്‍ഗ്രസ്സ്. ജോസ്.കെ മാണി വിഭാഗത്തിന് ഇവിടെയുള്ള ശക്തിയില്‍ എന്‍.സി.പി വിളറി പിടിച്ചിട്ട് ഒരു കാര്യവുമില്ല.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് കാപ്പനെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്. ആദ്യം ഒരു ബസ്സില്‍ കയറ്റാനുള്ള ആളുകളെയെങ്കിലും കാപ്പന്‍ സ്വന്തമായി ഉണ്ടാക്കുകയാണ് വേണ്ടത്. എന്നിട്ടു വേണം ആക്ഷേപങ്ങള്‍ ഉന്നയിക്കുവാന്‍. ജനസ്വാധീനമില്ലാത്ത പാര്‍ട്ടികള്‍ ചുമക്കുന്ന സി.പി.എമ്മിന് യഥാര്‍ത്ഥത്തില്‍ സ്വാധീനമുള്ള ഘടക കക്ഷിയെ കിട്ടിയിരിക്കുന്നത് ഇപ്പോഴാണ്. ഇതില്‍ അസഹിഷ്ണുതയുള്ള യു.ഡി.എഫിന്റെ പ്രേരണ മാണി സി കാപ്പന്റെ പ്രതികരണത്തില്‍ പ്രകടമായിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്. എന്‍.സി.പി എന്ന പാര്‍ട്ടിയെ തന്നെ ഇടതുപക്ഷത്ത് നിന്നും ചവിട്ടി പുറത്താക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിട്ടുണ്ട്. ഞാഞ്ഞൂലും പത്തിവിടര്‍ത്തുന്ന കാലമാണിത്. പാലാ എം.എല്‍.എയുടെ പ്രതികരണത്തെ അങ്ങനെയേ വിലയിരുത്താന്‍ കഴിയൂ.

ശിവസേന എന്ന തീവ്ര ഹിന്ദുത്വ പാര്‍ട്ടിക്കൊപ്പവും കോണ്‍ഗ്രസ്സിനൊപ്പവും മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന പാര്‍ട്ടിയാണ് എന്‍.സി.പി. അവര്‍ക്ക് ആകെ ശക്തിയുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. എന്നിട്ടും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനത്തില്‍ ഒരു പരിഗണനയും ആ സംസ്ഥാനത്ത് എന്‍.സി.പി സി.പി.എമ്മിനോട് കാട്ടിയിട്ടില്ല. ഇന്ന് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നടത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ കര്‍ഷക ലോങ്ങ് മാര്‍ച്ച് വഹിച്ച പങ്ക് വളരെ വലുതാണ്. സി.പി.എം കര്‍ഷക സംഘടന വിതച്ചത് എന്‍.സി.പിയും കോണ്‍ഗ്രസ്സും ശിവസേനയുമാണ് ഇവിടെ കൊയ്തത്. ജനകീയ രോക്ഷം വോട്ടാക്കി മാറ്റുന്നതില്‍ സംഘടനാപരമായ ദൗര്‍ബല്യമാണ് മറാത്ത മണ്ണില്‍ ചെങ്കൊടിക്ക് വിനയായിരുന്നത്.

എങ്കിലും ഇന്ന് മഹാരാഷ്ട്രയിലും വളരുന്ന പാര്‍ട്ടി തന്നെയാണ് സി.പി.എം. ലോങ്ങ് മാര്‍ച്ചിലൂടെ മഹാരാഷ്ട്രയിലെ മുന്‍ ബി.ജെ.പി സര്‍ക്കാറിനെ വിറപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മോദി സര്‍ക്കാറിനെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ തീവ്ര ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തതായാണ് കേന്ദ്ര സര്‍ക്കാര്‍ ആക്ഷേപിക്കുന്നത് കിസാന്‍ സഭ നേതാക്കളെ ഉദ്ദേശിച്ചാണിത്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ബുദ്ധികേന്ദ്രം തന്നെ സി.പി.എമ്മിന്റെ ഈ കര്‍ഷക സംഘടനയാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെയാണ് കേന്ദ്ര സര്‍ക്കാര്‍ തീവ്ര ശക്തിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ചുവപ്പ് ഒരു തരിയേ ഒള്ളൂവെങ്കിലും പ്രക്ഷോഭം ആളിക്കത്തിക്കാന്‍ അത് ധാരാളമാണ് എന്ന് സാക്ഷാല്‍ നരേന്ദ്ര മോദിക്കും ഇപ്പോള്‍ ശരിക്കും ബോധ്യമായിട്ടുണ്ട്.

ഭരണകൂട അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകും എന്ന് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകള്‍ ഉണ്ട്. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഇതില്‍ എത്ര സംഘടനകള്‍ പങ്കെടുക്കുന്നുണ്ട് എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. സമരമുഖത്ത് സജീവമായി കേരളത്തില്‍ നിന്നുള്ള സി.പി.എം എം.പി രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. കൂട്ട അറസ്റ്റിനെ മറികടന്നാണ് സി.പി.എം നേതാക്കള്‍ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ്സിന്റെയോ എന്‍.സി.പിയുടെയോ ഒരു ജനപ്രതിനിധിയെ പോലും ഈ പരിസരത്ത് പോലും കാണാനില്ല. തങ്ങള്‍ക്ക് പരിഗണന കിട്ടിയില്ലെന്ന് വിലപിക്കുന്ന മാണി സി കാപ്പന്‍ സ്വന്തം നേതാവ് ശരദ് പവാറിനോട് ആദ്യം ചോദിക്കേണ്ടത് എന്തിനാണ് കര്‍ഷകരെ അവഗണിച്ചതെന്നാണ്. എന്തു കൊണ്ടാണ് മഹാരാഷ്ട്രയില്‍ സി.പി.എമ്മിന് പരിഗണന നല്‍കാതിരുന്നതെന്നും കാപ്പന്‍ ചോദിക്കണം. എന്നിട്ടു വേണം സീറ്റ് വിഭജനത്തിലെ അവഗണനകള്‍ ചര്‍ച്ച ചെയ്യുവാന്‍.

Top