പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്

കോട്ടയം: എന്‍ഡിഎയുടെ പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലാ ടൗണ്‍ ഹാളിലെ ചടങ്ങില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ ബൂത്ത്, പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങും. നാല് തവണയെങ്കിലും വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമം.

അതേസമയം കശ്മീര്‍ വിഷയത്തില്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ പാലായില്‍ വിധിയെഴുത്ത് ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

50 പേര്‍ക്ക് ഒരുമിച്ചിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു സ്ഥാപനം പാലായിലില്ല. വികസന രംഗത്തെ ഏറെ പിന്നിലാണ് പാലായെന്നും കശ്മീര്‍ അടക്കമുള്ള ദേശീയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കും. എന്‍ഡിഎയുടെ മികച്ച സ്ഥാനാര്‍ഥിയാണ് ഹരി. 8000 വോട്ടില്‍ നിന്നും 20000 ലേറെ വോട്ടുകളിലേക്ക് ഉയര്‍ത്തിയ സ്ഥാനാര്‍ഥിയാണ് ഹരിയെന്നും അദ്ദേഹം പറഞ്ഞു.

Top