ജോസഫ് വിഭാഗത്തിനെതിരെ യു.ഡി.എഫ്. രണ്ടില ചിഹ്ന വിവാദം തിരിച്ചടിക്കുമ്പോൾ !

പി.ജെ ജോസഫ് യു.ഡി.എഫില്‍ ഒറ്റപ്പെടുന്നു. പാലായില്‍ നിഷ ജോസ് കെ മാണിയെ മാറ്റി നിര്‍ത്തിയിട്ട് പോലും ജോസഫ് വിഭാഗം പകയോടെ മുന്നോട്ട് പോകുന്നതാണ് മുന്നണി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

പാലായില്‍ മാണി സാര്‍ തന്നെയാണ് ചിഹ്നമെന്ന സ്ഥാനാര്‍ത്ഥിയുടെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ്സ് നേതാക്കളിപ്പോള്‍ ജോസഫിന് എതിരാണ്. രണ്ടില ചിഹ്നം നല്‍കില്ലന്നും നാമ നിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടാണ് എതിര്‍പ്പിന് കാരണമായിരിക്കുന്നത്.ഇടതുപക്ഷവും ബി.ജെ.പിയും ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ കടന്നാക്രമണമാണ് യു.ഡി.എഫിനു നേരെ നടത്തികൊണ്ടിരിക്കുന്നത്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുവേണ്ടി പ്രചരണ രംഗത്ത് പി.ജെ ജോസഫിന്റെ പഴയ സഹപ്രവര്‍ത്തകരും സജീവമാണ്. മുന്‍ ഇടുക്കി എം.പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ.ആന്റണി രാജു എന്നിവരെ ഉപയോഗപ്പെടുത്തി ഒരു അട്ടിമറി നീക്കമാണ് സി.പി.എം ഇവിടെ നടത്തുന്നത്.ജോസഫുമായി വളരെ അടുത്ത ബന്ധം ഇപ്പോഴും ഈ നേതാക്കള്‍ക്കുള്ളതിനാല്‍ പാലായില്‍ ‘പാലം’ വലിക്കുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

മാണിയുടെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടാല്‍ അത് യു.ഡി.ഫിന് കേരളത്തില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രഹരമായാണ് മാറുക. ഇനി വരുന്ന തിരഞ്ഞെടുപ്പുകളെയെല്ലാം ഈ വിധി ബാധിക്കുകയും ചെയ്യും. കേരള കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തില്‍ ജോസഫിനൊപ്പം നിന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ ചുവട് മാറ്റാന്‍ കാരണവും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെയാണ്.

കാല്‍ലക്ഷം വോട്ടിനെങ്കിലും വിജയിച്ച് മാണിയുടെ കോട്ട കാക്കാനാണ് ജോസ്.കെ മാണി വിഭാഗം കരുക്കള്‍ നീക്കുന്നത്. ഇതിനായി കോട്ടയത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രധാന പ്രവര്‍ത്തകരെ കൂടി പാലായില്‍ പ്രചരണത്തിന് ഇറക്കാനാണ് പദ്ധതി.പാലായില്‍ ‘പാലം’ കടന്നാല്‍ ജോസഫിനെതിരായ നിലപാട് കടുപ്പിക്കാനും മുന്നണിയില്‍ നിന്നും പുറത്താക്കിക്കാനും ജോസ്.കെ മാണി വിഭാഗം കരുക്കള്‍ നീക്കും.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചരണത്തിനായി ജോസഫ് വിഭാഗത്തെ കൂട്ട് പിടിക്കരുതെന്ന രഹസ്യ നിര്‍ദ്ദേശവും ജോസ് കെ മാണി വിഭാഗം നല്‍കിയിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം തന്നെ ഈ വിഭാഗം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.യു.ഡി.എഫില്‍ നിന്നും ഉടനെ ജോസഫ് പുറത്താകുമെന്ന സന്ദേശം ജോസഫിന്റെ അനുയായികള്‍ക്ക് നല്‍കാനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്. അടുത്ത കേരള ഭരണം യു.ഡി.എഫിനാണെന്ന മനക്കോട്ട കെട്ടി നില്‍ക്കുന്ന ജോസഫ് അനുകൂലികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഈ നീക്കം.

കെ.എം മാണിയുടെ മരണത്തോടെ മാണി ഗ്രൂപ്പ് വിട്ട് ജോസഫ് പക്ഷത്തേക്ക് കൂട് മറായ സി.എഫ് തോമസ് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. മാണിയുടെ കുടുംബത്തെ പോലും വഞ്ചിച്ച ഇവരെ പാഠം പഠിപ്പിക്കണമെന്ന വാശിയിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ കരുനീക്കങ്ങള്‍.

ജോസഫിനെ പുകക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് ഘടകകക്ഷികളെ ഒപ്പം നിര്‍ത്താനും ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നുണ്ട്. മുസ്ലീം ലീഗ് ഇപ്പോള്‍ തന്നെ ജോസ്.കെ മാണി പക്ഷത്തിനു വേണ്ടിയാണ് നിലയുറപ്പിച്ചിരിക്കുന്നത്. മറ്റ് ഘടകകക്ഷികളെ സംബന്ധിച്ചും സ്വീകാര്യത ഈ വിഭാഗത്തിനോട് മാത്രമാണ്. ജോസഫ് വിഭാഗം എന്ന് പറയുന്നത് ജോസഫിന്റെ വണ്‍മാന്‍ ഷോ ആണെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. ജോസഫിന്റെ കാല ശേഷം ആര് എന്ന വലിയ ചോദ്യവും യു.ഡി.എഫ് നേതാക്കളുടെ മനം മാറ്റത്തിന് പ്രധാന കാരണമാണ്. മാണിയുടെ കേരള കോണ്‍ഗ്രസ്സിനാണ് ജനസ്വാധീനമെന്നും ജോസഫിന് ശക്തി വളരെ കുറവാണെന്നുമാണ് യു.ഡി.എഫ് ഘടകകക്ഷികള്‍ വിലയിരുത്തുന്നത്.

കേരള കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ ജോസഫിനൊപ്പമുണ്ടായിരുന്ന നേതാക്കളിലും പ്രവര്‍ത്തകരിലും നല്ലൊരു വിഭാഗവും ഇപ്പാള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിലാണ്. ഇടതുപക്ഷത്ത് ബര്‍ത്ത് കിട്ടിയതിനാല്‍ ഇനി ജോസഫിനൊപ്പം കൂടാന്‍ ഇവരും തയ്യാറല്ല. ജോസഫ് ഇടതുപക്ഷത്തേക്ക് വരണമെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെയും ആന്റണി രാജുവിന്റെയും താല്‍പ്പര്യം. ജോസഫ് വരികയാണെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ലയിച്ച് വേണമെന്ന നിലപാടാണ് സി.പി.എം നേതാക്കളും സ്വീകരിക്കുന്നത്.

അധികാരത്തിനു വേണ്ടി മുന്നണി വിട്ട് പോയി ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ജോസഫിന് ഇനി പഴയ പരിഗണന കൊടുക്കേണ്ടതില്ലന്നതാണ് അവരുടെ അഭിപ്രായം. ഇത് ജോസഫിനൊപ്പം നില്‍ക്കുന്ന മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരെ വെട്ടിലാക്കുന്നതാണ്. ഇടതുപക്ഷത്തേക്ക് ജോസഫ് വന്നാലും ഇനി മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. മോന്‍സ് ജോസഫിന്റെ കടുത്തുരുത്തി മണ്ഡലത്തെ ആന്റണി രാജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ നോട്ടമിട്ടിട്ടുണ്ട്. യു.ഡി.എഫ് കൈവിട്ടാല്‍ ജോസഫ് വിഭാഗത്തിനൊപ്പം നില്‍ക്കുന്ന മാണിയുടെ പഴയ അനുയായികളും ത്രിശങ്കുവിലാകും.

പാലാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള കോണ്‍ഗ്രസ്സില്‍ വലിയ ഒരു പൊട്ടിതെറി സി.പി.എമ്മും ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജോസഫിനേക്കാള്‍ ജന പിന്തുണയുള്ള ജോസ് കെ മാണി വിഭാഗത്തിനോടാണ് സി.പി.എം നേതൃത്വത്തിനും താല്‍പ്പര്യം. ജോസ് കെ മാണി വിഭാഗം കൂടെ ഉണ്ടെങ്കില്‍ ഭരണ തുടര്‍ച്ചക്ക് സാധ്യത കൂടുമെന്നാണ് ഇടതിന്റെ വിലയിരുത്തല്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം , ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലും ശക്തമായ സ്വാധീനം ജോസ്.കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിനുണ്ട്.

ജോസഫിന് കാര്യമായി ഇടുക്കിയില്‍ മാത്രമാണ് സ്വാധീനം ഉള്ളത്. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപക്ഷത്ത് എത്തിയത് ജോസഫിന്റെ ഇടുക്കിയിലെ സ്വാധീനത്തെ ബാധിച്ചതായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ലോക സഭ തിരഞ്ഞെടുപ്പിലെ കാഴ്ചപ്പാടല്ല നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുണ്ടാകുകയെന്നാണ് ചെമ്പടയുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകുലമാണെന്ന് കണ്ടാണ് സി.പി.എം മുന്നാട്ട് പോകുന്നത്.

പാലാ മണ്ഡലത്തില്‍ 1,77550, വോട്ടര്‍മാരാണ് ആകെയുള്ളത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയത് 66,968 വോട്ടുകളാണ്. എല്‍.ഡി.എഫിന് 35,569 ഉം ബി.ജെ.പിക്ക് 8533 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫ് വോട്ടുകള്‍ 58,884 ആയി കുത്തനെ കുറഞ്ഞു. എല്‍.ഡി.എഫ് ആകട്ടെ 54,181 വോട്ടുകളായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 2482 വോട്ടുകള്‍ മാത്രമാണ്.

എന്നാല്‍ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 66,971 ആയി വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി. എല്‍.ഡി.എഫ് ആകട്ടെ 33,499ല്‍ ഒതുങ്ങുകയും ചെയ്തു. ബി.ജെ.പിയും ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 26,533 വോട്ട് പാലാ മണ്ഡലത്തില്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.

2019 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കുറഞ്ഞ 20682 വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടെ പെട്ടിയില്‍ വീഴുമെന്നതും, ആകെ പോള്‍ ചെയ്ത വോട്ടില്‍ കുറവുവന്ന 10,883 വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് കിട്ടുമെന്നതും വിധിയെ ശരിക്കും സ്വാധീനിക്കും. നിരന്തരമായ തോല്‍വിയിലെ സഹതാപം ഇത്തവണ മാണി സി കാപ്പനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

പരാമ്പരാഗതമായി മണ്ഡലത്തില്‍ പരിചിതമായ രണ്ടില ചിഹ്നം ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഇല്ലാത്തത് ഗുണം ചെയ്യുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനു രണ്ടില ചിഹ്നം നല്‍കാത്ത നടപടി വേദനാജനകമാണെന്ന് പ്രതികരിച്ച് ജോസ് കെ. മാണിയും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

പാലായും അവിടുത്തെ ജനങ്ങളും മാണി സാറും രണ്ടില ചിഹ്നവും തമ്മില്‍ ഏറെ വര്‍ഷങ്ങളായുള്ള വൈകാരികമായ ബന്ധമാണ് ഉള്ളത്. ആ ചിഹ്നം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരിക്കുന്നത്. പി.ജെ. ജോസഫിന്റെ നടപടി പാലായിലെ ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. എല്ലാ യുഡിഎഫ് നേതാക്കളും ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.ജെ. ജോസഫ് അതു തള്ളുകയായിരുന്നുവെന്നും ജോസ് കെ. മാണി ആരോപിക്കുന്നു.

രണ്ടില നല്‍കിയാല്‍ സ്വീകരിക്കുമെന്നും അല്ലെങ്കില്‍ അതിനായി നിയമവഴി തേടാനുമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ രണ്ടില നല്‍കാമെന്ന ജോസഫിന്റെ ഉപാധി അംഗീകരിക്കില്ലന്ന നിലപാടിലാണ് ജോസ് കെ. മാണി. സ്വതന്ത്ര ചിഹ്നമായ പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നിവയിലേതെങ്കിലും അനുവദിക്കണമെന്നും സ്ഥാനാര്‍ത്ഥി ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലന്ന് യു.ഡി.എഫ് നേതൃത്വത്തെകൂടി ബോധ്യപ്പെടുത്തുന്ന നീക്കമാണിത്.ജോസഫ് വിഭാഗത്തിനോട് ഏത് കോണ്‍ഗ്രസ്സ് നേതാവ് അടുപ്പം കാട്ടിയാലും അത് ഗൗരവമായി കാണാനും ജോസ് കെ മാണി വിഭാഗം നിലവില്‍ തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസിനും റോളുണ്ട് എന്ന കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ മറക്കരുതെന്നാണ് ജോസ്.കെ മാണി വിഭാഗം ഓര്‍മ്മിപ്പിക്കുന്നത്. അടുത്ത മുഖ്യമന്ത്രി കസേര തുന്നി ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പ്രതിരോധത്തിലാക്കുന്ന നിലപാടാണിത്.

Political Reporter

Top