പാലായില്‍ വിധി എന്തു തന്നെ ആയാലും ജോസഫിന്റെ കാര്യത്തിലും തീരുമാനമാകും . .

പാലായില്‍ ജോസഫ് പാലം വലിച്ചാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലന്ന ആത്മവിശ്വാസത്തില്‍ ജോസ്.കെ മാണി വിഭാഗം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഗുണമാക്കി മാറ്റാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസ്സിലെ ജോസ്.കെ വിഭാഗം ഇപ്പോള്‍ നടത്തുന്നത്.

പാലായില്‍ ഇത്തവണ തോറ്റാല്‍ 54 വര്‍ഷമായി പാലായെ പ്രതിനിധീകരിക്കുന്ന മാണിയുടെ കുടുംബത്തെ തഴഞ്ഞതാണ് മണ്ഡലം കൈവിട്ടു പോകാന്‍ കാരണമെന്ന നിലപാടായിരിക്കും ജോസ്.കെ മാണി വിഭാഗം സ്വീകരിക്കുക.

അതേസമയം വലിയ ഭൂരിപക്ഷത്തിന് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ വിജയിക്കുമെന്ന് തന്നെയാണ് ജോസ്.കെ മാണി വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. അങ്ങനെ വന്നാല്‍ ചിഹ്നം പോലും നിക്ഷേധിച്ച് കരിങ്കാലി പണിയെടുത്ത ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കും. ജോസഫും ജോസ് കെ മാണിയും ഒരുമിച്ച് യു.ഡി.എഫില്‍ ഉണ്ടാകില്ലന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഇതിനകം തന്നെ ജോസ്.കെ മാണി വിഭാഗം അറിയിച്ചിട്ടുണ്ട്.

നിഷ ജോസ്.കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ജോസഫ് ഇടപെട്ട് പൊളിച്ചതില്‍ വലിയ രോക്ഷം ഈ വിഭാഗത്തില്‍ നിലവിലുണ്ട്. നിഷയുടെ പേര് വെട്ടാന്‍ ചരട് വലിച്ച കോണ്‍ഗ്രസ്സ് നേതാക്കളെയും ജോസ്.കെ മാണി വിഭാഗം ഹിറ്റ് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്.അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മറുപടി നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് തങ്ങളുടെതാണെന്നും ജോസഫ് വലിഞ്ഞ് കയറി വന്നയാളാണെന്നുമാണ് ജോസ് കെ മാണി വിഭാഗം തുറന്നടിക്കുന്നത്. കെ.എം മാണി വീട്ടിലേക്ക് വിളിച്ച് കയറ്റിയ ജോസഫ്, വീട് കയ്യേറിയ അവസ്ഥയോടാണ് ജോസ് വിഭാഗം നേതാക്കള്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്.

ഇടതുപക്ഷ വിഭാഗവുമായി രഹസ്യ ചര്‍ച്ച നടത്തി പാലായില്‍ ‘പാലം’ വലിക്കുന്ന ഏര്‍പ്പാടാണ് ജോസഫ് വിഭാഗം നിലവില്‍ നടത്തുന്നതെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.ജോസഫ് ഏത് സ്വീകരണ യോഗത്തില്‍ എത്തിയാലും അത് പ്രവര്‍ത്തകരുടെ മാത്രമല്ല, ജനങ്ങളുടെയും രോഷത്തിനും കാരണമാകുമെന്ന ഭീതി യു.ഡി.എഫ് നേതൃത്വത്തിനുമുണ്ട്. യു.ഡി.എഫ് കണ്‍വന്‍ഷനില്‍ ജോസഫിനെതിരെ മുന്‍പുണ്ടായ കൂക്കി വിളികളും ആക്രോശവും ആവര്‍ത്തിക്കാതിരിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഇപ്പോഴും കലിപ്പില്‍ തന്നെയാണ്.

ഉള്ളവോട്ട് ഇല്ലാതാക്കാനേ കരിങ്കാലികളുടെ സാന്നിധ്യം വഴിവയ്ക്കൂ എന്ന നിലപാടിലാണ് ജോസ്.കെ മാണി വിഭാഗം അണികള്‍. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോസഫിനോട് കാണിച്ച അനുകമ്പയാണ് ജോസഫിന്റെ ഇപ്പോഴത്തെ പടിവാശിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

യു.ഡി.എഫില്‍ നിന്നും പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചിരുന്നെങ്കില്‍ ജോസഫ് അടങ്ങുമായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇടതുപക്ഷത്തേക്ക് വിശ്വസിച്ച് ഒരിക്കലും ജോസഫിനെ അടുപ്പിക്കില്ലന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഒരു കാരണവുമില്ലാതെ ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് യു.ഡി.എഫ് പക്ഷത്തേക്ക് പോയ ജോസഫിന് ഇപ്പോള്‍ പഴയ കരുത്തൊന്നുമില്ല. അദ്ദേഹത്തിന്റെ വിശ്വസ്തരായ മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവുമാകട്ടെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച് ഇടതുപക്ഷത്താണുള്ളണ്. ഇവര്‍ക്കും മനസ്സില്‍ ജോസഫ് വിഭാഗം ഇടതുപക്ഷത്തോട്ട് വരുന്നതിനോട് യോജിപ്പില്ല. എം.എല്‍.എമാരായ ജോസഫും, മോന്‍സ് ജോസഫും ഇടതുപക്ഷത്തേക്ക് വന്നാല്‍ തങ്ങളുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭയക്കുന്നത്. സി.പി.എമ്മാകട്ടെ ജോസഫ് വരികയാണെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ലയിച്ചാവണമെന്ന നിലപാടിലുമാണ്.

കെ.എം മാണിയുടെ മരണത്തോടെ ജോസ്.കെ മാണി ഗ്രൂപ്പില്‍ നിന്നും മാറി ജോസഫിനോട് ചേര്‍ന്ന് നില്‍ക്കുന്ന സി.എഫ് തോമസ് എം.എല്‍.എ, ജോയ് എബ്രഹാം തുടങ്ങിയ നേതാക്കള്‍ ജോസഫ് യു.ഡി.എഫില്‍ ഇല്ലങ്കില്‍ പെരുവഴിയിലാകുന്ന സാഹചര്യമാണുള്ളത്. ഇവരും ഇടതുപക്ഷത്തേക്ക് പോയാല്‍ ഒപ്പമുള്ളവര്‍ പോലും ജോസ് കെ മാണി വിഭാഗത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത.

തങ്ങളുടെ പിന്തുണയില്ലാതെ ഒരിക്കലും യു.ഡി.എഫിന് കേരള ഭരണം പിടിക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിലാണ് ജോസ്.കെ മാണി വിഭാഗം കരുക്കള്‍ നീക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മുസ്ലീം ലീഗ് നേതാക്കളും അനുനയ ശ്രമവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

പാലാ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ ഇടപെടല്‍ നടത്താനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.മലബാറില്‍ മുസ്ലീം ലീഗും മധ്യമേഖലയില്‍ കേരള കോണ്‍ഗ്രസ്സുമാണ് യു ഡി.എഫിന്റെ കരുത്ത്. ഇക്കാര്യം കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.അതേസമയം പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പി ജെ ജോസഫിനെ അനുനയിപ്പിച്ച് കൂടെനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്റെ നേതൃത്വത്തില്‍ ജോസഫ് വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചയും ഇപ്പോള്‍ പ്രഹസനമായിട്ടുണ്ട്.

അടുക്കാനാവാത്തവിധം അകന്ന ജോസഫ്- ജോസ് വിഭാഗങ്ങളെ ഒരുമിച്ച് ഇരുത്തിയുള്ള ചര്‍ച്ച ഫലം കാണില്ലെന്ന തിരിച്ചറിവാണ് ഒറ്റതിരിഞ്ഞുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നത്.തെരഞ്ഞെടുപ്പുവരെ ജോസഫ് വിഭാഗത്തെ പ്രകോപിപ്പിക്കാതെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലസാഹചര്യം ഒരുക്കുകയെന്ന തന്ത്രമാണ് പാലായില്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ജോസ് കെ മാണി പക്ഷത്തുനിന്നും ഇനി പ്രകോപനം ഉണ്ടാകില്ലെന്ന സന്ദേശം ബെന്നി ബഹന്നാന്‍ ജോസഫ് പക്ഷത്തിന് കൈമാറിയിട്ടുണ്ട്.

ജോസഫ് ചാനലിലൂടെ നടത്തിയ വിമര്‍ശനത്തില്‍ ജോസ് കെ വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും തല്‍ക്കാലം അടങ്ങിയിരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ജോസഫിന്റെ ചാനല്‍ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ജോസ് കെ വിഭാഗത്തെ അവര്‍ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. ബെന്നി ബെഹന്നാനെ കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരും, ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ്, ജോയി അബ്രാഹം, ടി യു കുരുവിള എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

കൂക്കിവിളി ഉള്‍പ്പെടെ ഇനി ഉണ്ടാകില്ലെന്ന ആത്മവിശ്വാസമാണ് ചര്‍ച്ചയ്ക്കു ശേഷം ബെന്നി ബഹന്നാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രകടിപ്പിച്ചത്. ജോസഫിന് അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എതിര്‍ഭാഗത്തുനിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശംനല്‍കാമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് മോന്‍സ് ജോസഫും പ്രതികരിച്ചിട്ടുണ്ട്.ഇതിനുശേഷമാണ് പാലായില്‍ ജോസ് ടോമിനു വേണ്ടി പ്രചരണം നടത്തുമെന്ന് പിജെ ജോസഫ് അറിയിച്ചിരിക്കുന്നത്.

മുന്നണി നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പ്രസംഗിക്കുമെന്നും പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷം കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പാലായില്‍ ജോസ് ടോം കൂടി വിജയിച്ചാല്‍ എം.എല്‍.എമാരുടെ എണ്ണത്തില്‍ ഇരു വിഭാഗത്തിനും മൂന്ന് പേര്‍ വീതമാകും. ഈ സാഹചര്യത്തില്‍ പി.ജെ. ജോസഫിനെയും സി.എഫ്.തോമസിനെയും ജോസ്.കെ വിഭാഗം അംഗീകരിക്കാന്‍ സാധ്യതയില്ല. റോഷി അഗസ്റ്റ്യന്റെ പേരാകും ഈ വിഭാഗം ഉന്നയിക്കുക.

ജോസ് ടോം കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയല്ല, യു.ഡി.എഫ് സ്വതന്ത്രനാണ് എന്ന് ജോസഫ് ആവര്‍ത്തിച്ച് പറയുന്നതും വരാനുള്ള പാര മുന്നില്‍ കണ്ടാണ്. ചിഹ്നത്തില്‍ മത്സരിക്കാത്തവന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അല്ലന്നതാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ജോസഫിന്റെ ഈ വാദം മറ്റ് യു.ഡി.എഫ് നേതാക്കള്‍ അംഗീകരിക്കുന്നില്ല.

ജോസ് ടോം കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തന്നെയാണെന്ന നിലപാടില്‍ കോണ്‍ഗ്രസ്സും ലീഗും ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഇതോടെ കേരള കോണ്‍ഗ്രസ്സ് നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ വീണ്ടും വലിയ പൊട്ടിതെറിക്കാണ് സാധ്യതയേറിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാടും ഇനി നിര്‍ണ്ണായകമാകും.

Top