പാലാ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം 50 കടന്നു

പാലാ: പാലായില്‍ കനത്ത പോളിംങ്. ഇതുവരെയുള്ള കണക്ക് പ്രകാരം 51.56 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. പാലാ നഗരസഭ ഉള്‍പ്പെടെയുള്ള മേഖലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി. എന്നാല്‍ മലയോര മേഖലകളിലും ഗ്രാമീണ മേഖലകളിലും പോളിങ് മന്ദഗതിയിലാണ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് തടസങ്ങളൊന്നുമില്ലാതെ പുരോഗമിക്കുകയാണ്.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119ാം നമ്പര്‍ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.

ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്ന പ്രതീക്ഷയും മാണി സി കാപ്പന്‍ പ്രകടിപ്പിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. കൂവത്തോട് ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. പോളിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. ജയത്തിനെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്.

1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Top