പാലായില്‍ ‘പുതിയ മാണി’ ; യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് എല്‍.ഡി.എഫിന് വിജയം

കോട്ടയം : പാലായില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ ജോസ് ടോമിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിച്ചു. പാലായില്‍ അഞ്ചര പതിറ്റാണ്ടിനിടെ കേരള കോണ്‍ഗ്രസിന്‍റെ ആദ്യ തോല്‍വി.

2937 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.

വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തുകളില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായത്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാലാ നഗരസഭയിലും മീനച്ചില്‍, മുത്തോലി പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനൊപ്പം നിന്ന തലനാട്, തലപ്പലം പഞ്ചായത്തുകള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം നിന്നു.

യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയായി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. ഇവിടെ മാണി സി കാപ്പന്‍ 757വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

യുഡിഎഫിന്റെ മറ്റൊരു ശക്തിപ്രദേശമായ കടനാട്ടില്‍ 870 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന്‍ നേടിയയത്. കെഎം മാണിക്ക് 2016ല്‍ രാമപുരത്ത് 180ഉം കടനാട് 107ഉം ആയിരുന്നു ഭൂരിപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500ഉം കടനാട്ടില്‍ 2727വോട്ടും നേടിയിരുന്നു.

Top