ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് മാണി സി കാപ്പന്‍

പാലാ : ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍.

കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്ന പ്രതീക്ഷയും മാണി സി കാപ്പന്‍ പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ദിവസവും ഇന്നത്തെപ്പോലെ സന്തോഷത്തോടെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.

Top