പാല ചുവന്നു. . . പിന്‍ഗാമിയായി’ പുതു മാണി’, കുടുംബവാഴ്ചയ്ക്ക് അന്ത്യം

കോട്ടയം: അഞ്ചു പതിറ്റാണ്ട് കെ എം മാണിയുടെ ഭരണ മണ്ഡലമായിരുന്ന പാലായില്‍ മറ്റൊരു മാണി പിന്‍ഗാമിയായി എത്തിയിരിക്കുകയാണ്.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്.

സിനിമാ നിര്‍മ്മാതാവും സംവിധായകനും നടനുമെല്ലാമായി നിറഞ്ഞു നിന്ന മാണി സി കാപ്പന്‍ ഇനി പാലായെ നയിക്കും. യുഡിഎഫ് കോട്ടയായ ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചടക്കി തന്നെയാണ് കാപ്പന്‍ വിജയിച്ചിരിക്കുന്നത്.

കെ എം മാണിക്ക് ശേഷം പാലായില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ നേതാവായിരിക്കും മാണി സി കാപ്പന്‍. പാലാ നിയോജക മണ്ഡലം നിലവില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് കേരളാകോണ്‍ഗ്രസിനും യുഡിഎഫിനും തോല്‍വി ഉണ്ടാകുന്നത്.

ഈ വിജയത്തോടെ കുടുംബ വാഴ്ചയില്‍ നിന്നും പാലായ്ക്ക് മോചനം നല്‍കിയെന്നും പറയാം. കെ എം മാണിയോട് മൂന്ന് തവണ പരാജയപ്പെട്ട ശേഷമാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ വിജയം നേടിയത്. കഴിഞ്ഞ തവണ കെ എം മാണിയോട് 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കാപ്പന്‍ പരാജയപ്പെട്ടത്.

പതിവിലും വ്യത്യസ്തമായി ഏറെ വൈകി തുടങ്ങിയ വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകള്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യമായിരുന്നു. മൊത്തം 15 വോട്ടുകളില്‍ ആറു വോട്ടുകള്‍ വീതം ജോസ് ടോമും മാണി സി കാപ്പനും നേടി. മൂന്ന് വോട്ടുകള്‍ അസാധുവാകുകയും ചെയ്തിരുന്നു. രണ്ടു സര്‍വീസ് വോട്ടുകളും അസാധുവായി. രാമപുരം പഞ്ചായത്തിലെ 22 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. മൊത്തം 176 ബൂത്തുകളിലായി 127939 പേരാണ്‌ വോട്ട് ചെയ്തത്.

ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തു വന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്.

Top