പാലാ നാളെ പോളിങ് ബൂത്തിലേക്ക് ; വിജയം ഉറപ്പിക്കാന്‍ അവസാനവട്ട ഓട്ടത്തില്‍ മുന്നണികള്‍

കോട്ടയം: പാലായില്‍ നാളെ വോട്ടെടുപ്പ്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും സ്ഥാനാര്‍ഥികളുടെ പ്രചാരണം തുടരുക.

തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പോളിങ് സമഗ്രഹികളുടെ വിതരണം രാവിലെ 8 മണിയോടെ തുടങ്ങും. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിക്കും.

ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്.. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി കള്ളവോട്ട് തടയാനാകുമെന്നും കമ്മീഷന്‍ പറയുന്നു.

സംസ്ഥാന രാഷ്ട്രീയം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലേക്ക് എത്തുമ്പോൾ പുതിയ പോരാട്ട തന്ത്രങ്ങളുമായി കളം നിറയുകയാണ് മുന്നണികൾ.

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലാ പിടിക്കുമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ 20000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്ക്കൂട്ടലുകള്‍.

മാണി സാര്‍ എന്ന വികാരവും ഭരണവിരുദ്ധ തരംഗവും വിജയമുറപ്പിക്കുമെന്നാണ് യു ഡി എഫ് പറയുന്നത്. പിജെ ജോസഫിനെ പ്രചാരണത്തിനെത്തിച്ച് ഒരുമയുടെ പ്രതീതി സൃഷ്ടിക്കാനായതും അവസാന മണിക്കൂറുകളിൽ ശബരിമലയും കിഫ് ബി യുമിറക്കി സർക്കാരിനെതിരെ ആഞ്ഞടിച്ചതും പ്രതീക്ഷയേറ്റുന്നു.

കഴിഞ്ഞ തവണ നേടിയ 25000 വോട്ടുകൾ ഇക്കുറി ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ ക്യാമ്പ്. മണ്ഡലത്തിൽ സ്വാധീനമുള്ള പിസി ജോർജിന്റേയും പി സി തോമസിന്റേയും പിന്തുണയും കരുത്താണ്.

Top