പകയുടെ രാഷ്ട്രീയം പാലായിലും കൂടില്ല, യു.ഡി.എഫ് ആക്ഷേപം വസ്തുതയല്ല . . .

പാലായില്‍ മാത്രമല്ല എവിടെ ഏത് പാലം തകര്‍ന്നാലും അതിന് യുക്തി രഹിതമായ കാരണങ്ങള്‍ നിരത്തുന്നവരാണ് യു.ഡി.എഫുകാര്‍. എറണാകുളം മേല്‍പ്പാലം വിവാദത്തില്‍ കേരളം അത് കണ്ടതാണ്. ഇപ്പോള്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കുത്തക ‘പാലം’ തകര്‍ന്നതിലും അവര്‍ കാരണം കണ്ടെത്തിയിരിക്കുകയാണ്.

ബി.ജെ.പി വോട്ട് ഇടതുപക്ഷത്തിന് മറിച്ചതാണ് പാലാ വീഴാന്‍ കാരണമെന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. 5 നിയമസഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിടിച്ചു നില്‍ക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു ആരോപണം അവരിപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 7,000 വോട്ടും, ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ 8,000 വോട്ടുമാണ് ബിജെപിക്ക് പാലായില്‍ കുറഞ്ഞിരിക്കുന്നത്. ഇത് ഇടതുപക്ഷത്തിന് കിട്ടി എന്ന് പറഞ്ഞാല്‍ പിന്നെ യുഡിഎഫ് തന്നെ പിരിച്ചു വിടേണ്ടി വരും. ഈ യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയാണ് പുതിയ ആരോപണവുമായി യുഡിഎഫ് നേതൃത്വമിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്

കേരളത്തില്‍ ആര് ഇടതുപക്ഷത്തിന് വോട്ട് ചെയ്താലും ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുകയ്യില്ല. അതുപോലെ തിരിച്ച് സി.പി.എമ്മിന്റെ ഒരു വോട്ട് പോലും കാവി രാഷ്ട്രീയത്തിനും വീഴില്ല. അതാണ് ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളുടേയും പ്രത്യേകത. രാജ്യത്ത് തന്നെ ഏറ്റവും അധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നത് കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരാല്‍ ആണെന്നാണ് ആര്‍.എസ്.എസിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ പിടഞ്ഞ് വീണതും സംഘപരിവാര്‍ ആക്രമണത്താലാണ്. കണ്ണൂര്‍ മുതല്‍ കേരളത്തിന്റെ വിവിധ ജില്ലകള്‍ ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തും. പരസ്പരം കണ്ടാല്‍ പോലും മിണ്ടാന്‍ കഴിയാത്ത തരത്തില്‍ ഒരു അകല്‍ച്ച സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ നിലവിലുണ്ട്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പോലും രൂക്ഷമായി എതിര്‍ത്തത് കേരളത്തിലെ സി.പി.എമ്മിനെയാണ്. അല്ലാതെ കോണ്‍ഗ്രസ്സിനെയല്ല.

അമിത് ഷായും സകല കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ഒന്നിച്ചണിനിരന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ മാര്‍ച്ച് നടത്തിയതും ഇടത് സര്‍ക്കാറിനെതിരെയാണ്. ഒരു കോണ്‍ഗ്രസ്സ് സര്‍ക്കാറിനെതിരെയും ബി.ജെ.പി ഇതുപോലെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല.

സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിലുള്ള പക എത്രത്തോളമാണെന്ന് രാഷ്ട്രീയ കേരളത്തിന് തന്നെ ശരിക്കും അറിയാവുന്ന കാര്യമാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ ബി.ജെ.പി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്ന് പറഞ്ഞാല്‍ അത് തലക്ക് വെളിവുള്ളവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമേയല്ല . കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കലാണ് തങ്ങളുടെ അടുത്ത അജണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ബി.ജെ.പി ദേശീയ നേതൃത്വം. അതിനു വേണ്ടിയാണ് സകല അടവുകളും കാവിപ്പട ഇപ്പോള്‍ പയറ്റി കൊണ്ടിരിക്കുന്നത്.

മുന്നണി മര്യാദ അനുസരിച്ച് എന്‍.സി.പിക്ക് സീറ്റ് വിട്ടുകൊടുത്തെങ്കിലും ഇവിടെ പ്രതിപക്ഷം ഏറ്റുമുട്ടിയത് സി.പി.എമ്മിന്റെ കരുത്തിനോടാണ്. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെയാണ് പാലായില്‍ ചെമ്പട വിജയിപ്പിച്ചിരിക്കുന്നത്. സി.പി.എമ്മിനെയും പിണറായി സര്‍ക്കാറിനെയും കടന്നാക്രമിച്ചാണ് ബി.ജെ.പിയും യു.ഡി.എഫും ഇവിടെ ജനവിധി തേടിയിരുന്നത്.

പാലായില്‍ ഇപ്പോള്‍ സംഭവിച്ചത് ജനങ്ങളുടെ തിരിച്ചറിവാണ് 54 വര്‍ഷം കെ.എം മാണി കുത്തകയാക്കി വച്ച മണ്ഡലത്തില്‍ അവസരം വന്നപ്പോള്‍ അവര്‍ തിരിച്ചടിക്കുകയാണ് ചെയ്തിരിക്കുന്നത്. പാലായില്‍ യു.ഡി.എഫിനെ വീഴ്ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും അതിനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യം പ്രതിപക്ഷം തിരിച്ചറിയുന്നത് നല്ലതാണ്.

കേരള കോണ്‍ഗ്രസ്സല്ല, സാക്ഷാല്‍ കോണ്‍ഗ്രസ്സാണ് പാലായില്‍ ജോസ് ടോമിന് വേണ്ടി പ്രചരണം നയിച്ചിരുന്നത്. അതിന് മുന്‍പന്തിയില്‍ നിന്നതാകട്ടെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെയായിരുന്നു. ചിഹ്നം പോയത് കൊണ്ട് ഒരു മുന്നണിയുടേയും പ്രസക്തി നഷ്ടമാവുകയില്ല. ജോസഫ് വിഭാഗത്തിന് പാലായില്‍ വലിയ സ്വാധീനവും ഇല്ല. ഇവിടെ ജോസ്.കെ മാണി വിഭാഗത്തിനും കോണ്‍ഗ്രസ്സിനും തന്നെയാണ് കരുത്തുണ്ടായിരുന്നത്.ആ കരുത്താണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 2943 വോട്ടിനാണ് അട്ടിമറി വിജയം നേടിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി പോയ ‘പാതയില്‍’ നിന്നും മാറി സഞ്ചരിക്കാന്‍ പാലായിലെ ജനങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ശരിക്കും യു.ഡി.എഫ് നേതൃത്വം ഇനി പരിശോധിക്കേണ്ടത്. രണ്ട് വളളത്തില്‍ കാല് വയ്ക്കുന്ന ഏര്‍പ്പാട് നിര്‍ത്തി ഒരു കേരള കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. അതല്ലങ്കില്‍ പരസ്പരം അവര്‍ പോരടിച്ച് ഉള്ള സാധ്യതകള്‍ പോലും ഇനിയും കളയും.

കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ്. ജോസഫിന്റെയും ജോസ്.കെ മാണിയുടെയും പോര്‍വിളികളും കോണ്‍ഗ്രസ്സിന്റെ ‘കളികളുമെല്ലാം’ അവര്‍ക്ക് മനസ്സിലാകും. വീണ്ടും നിങ്ങള്‍ക്ക് കളിക്കാന്‍ ഒരു ‘കളിക്കളം’ തങ്ങളുടെ ചിലിവില്‍ വേണ്ട എന്ന മുന്നറിയിപ്പ് കൂടിയാണ് പാലായിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇവിടെ തിരുത്തല്‍ നടപടി സ്വീകരിക്കാതെ ബി.ജെ.പി വോട്ട് ഇടതുപക്ഷത്തിന് മറിച്ചു എന്ന് പറഞ്ഞാല്‍ ഉള്ള വോട്ടുകള്‍ മറ്റ് മണ്ഡലങ്ങളിലും നഷ്ടപ്പെടുകയാണ് ചെയ്യുക.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും നിലവില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇവിടങ്ങളില്‍ പാല ആവര്‍ത്തിച്ചാല്‍ അത് യു.ഡി.എഫിന്റെ മരണമണിയായാണ് മാറുക. പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിലാണ് അത്തരമൊരു അവസ്ഥ കൊണ്ട് ചെന്നെത്തിക്കുക അക്കാര്യം പ്രതിപക്ഷം ഓര്‍ക്കുന്നത് നല്ലതാണ്.

Express View

Top