എന്‍സിപിയില്‍ നിന്ന് രാജിവച്ചവര്‍ യുഡിഎഫിന്‍റെ ഉപകരണം ; എ കെ ശശീന്ദ്രന്‍

പാലക്കാട് : പാലായില്‍ മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ നിന്ന് രാജി വച്ചവര്‍ യുഡിഎഫിന്റെ ഉപകരണമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മാണി സി കാപ്പന്‍ യോഗ്യനായ സ്ഥാനാര്‍ഥി തന്നെയാണ്. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്‍സിപിയില്‍ ഭിന്നതയില്ല. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. രാജിവച്ചവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവുകയാണ് വേണ്ടത്. അവരോട് പാര്‍ട്ടി നേതൃത്വം ചര്‍ച്ചയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ ആണ് ഇന്ന് പാര്‍ട്ടി വിട്ടത്. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയിലും പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും പ്രതിഷേധിച്ചാണ് രാജി.

രാജിക്കത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി. ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. ‘മാണി സി കാപ്പന് പാലായില്‍ വിജയ സാധ്യതയില്ല’. അവഗണനയെ തുടര്‍ന്നു പാര്‍ട്ടിയില്‍ തുടരാന്‍ ഇല്ലെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും ജേക്കബ് മണര്‍കാട് പ്രതികരിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കാപ്പനെ വീണ്ടും തെരഞ്ഞെടുത്തതില്‍ നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചതിന്റെ പശ്ചാത്തലത്തില്‍ കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഇടതുമുന്നണി അനുകൂല സമീപനം പുലര്‍ത്തുകയായിരുന്നു

Top