ഇന്ത്യന്‍ സൈന്യത്തിന്റെ തോക്കുകള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ അടിയറവ് പറയേണ്ടി വരുമെന്ന് നിര്‍മ്മല്‍ സിംഗ്

കശ്മീര്‍: അതിര്‍ത്തി പ്രദേശത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന തുടരെയുള്ള വെടിനിര്‍ത്തല്‍ ലംഘനത്തെ വിമര്‍ശിച്ച് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ്.

കശ്മീരിലെ അര്‍നീയ പ്രദേശത്ത് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മല്‍ സിംഗ് പ്രതികരിച്ചത്.

‘പാക്കിസ്ഥാന്‍ കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍, ഇന്ത്യന്‍ പട്ടാളത്തിന്റെ തോക്കുകള്‍ തുടരെ ചലിക്കുന്നതായിരിക്കും’ നിര്‍മ്മല്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യം തക്കതായ മറുപടി നല്‍കിയിരുന്നുവെന്നും, പാക്കിസ്ഥാന്‍ ഇനിയും വെടിയുതിര്‍ക്കാന്‍ മുതിരരുതെന്നും സിംഗ് ആവശ്യപ്പെട്ടു.

കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പാക്കിസ്ഥാന്റെ ആക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ച കാര്യങ്ങളെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭീകരവാദം തുടരാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യന്‍ പട്ടാളം വെറുതെ ഇരിക്കല്ലെന്നാണ് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നത്.

പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും, അവര്‍ക്ക് താവളമൊരുക്കുന്നുണ്ടെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ ആരോപണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ നിരാശയാണ് അവരെ ഇന്ത്യക്കെതിരെ ഭീരുത്വമായ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും, അവരുടെ അടുത്ത സുഹൃത്ത് എന്നവകാശപ്പെടുന്ന ചൈനയും ചില സമയങ്ങളില്‍ പാക്കിസ്ഥാനെ തഴയുന്നുണ്ടെന്നും, മുസ്ലീം രാജ്യങ്ങള്‍ പോലും ഇപ്പോള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top