നദികള്‍ വഴി തിരിച്ച് വിടുന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: ഇന്ത്യയില്‍ നിന്നുള്ള നദികള്‍ വഴി തിരിച്ച് വിടുന്നത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ വഴി തിരിച്ച് വിടുമെന്ന് ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രതികരണം.

‘കിഴക്കന്‍ നദികളെ ഇന്ത്യ വഴിതിരിച്ചു വിടുന്നത് തങ്ങളെ ആകുലപ്പെടുത്തുകയോ ബാധിക്കുകയോ ചെയ്യുന്ന കാര്യമല്ല. സിന്ധുനദീജല കരാര്‍ പ്രകാരം നദികളുടെ ജലം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് രാജ്യങ്ങള്‍ക്കുണ്ടെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനാ നദിയിലേക്ക് തിരിച്ച് വിടുമെന്നാണ് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചത്.

എന്നാല്‍ ഝലം, ചിനാബ്, സിന്ധു നദികളെ ഇന്ത്യ ഉപയോഗിക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുകയാണെങ്കില്‍ തങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും ,കാരണം ആ നദികളുടെ മേലുള്ള അവകാശം ഞങ്ങള്‍ക്കാണുള്ളതാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. സിന്ധൂ നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുള്ള നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നതാണ് ഇന്ത്യ നിര്‍ത്താനൊരുങ്ങുന്നത്. 1960 ലെ കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും മൂന്നിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്. രവി, ബിയാസ്, സത്‌ലജ് നദികളുടെ പൂര്‍ണ നിയന്ത്രണമാണ് ഇന്ത്യയ്ക്കുള്ളത്. ഝലം, ചിനാബ്, സിന്ധു നദികളുടെ നിയന്ത്രണം പാകിസ്ഥാനാണ്

Top