വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ് നേരെ വീണ്ടും പ്രകോപനപരമായ നടപടിയുമായി പാക്കിസ്ഥാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചു.സൗദി സന്ദര്‍ശനത്തിനായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ അനുമതി തേടിയത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ആരംഭിക്കുന്നത് നാളെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാനോട് അനുമതി തേടിയത്. നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ചതായി പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും മണിക്കൂറില്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള പ്രതിഷേധം തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാകിസ്ഥാന്റെ നടപടി.

ഇത് മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയുമാണ് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍ ഇതിന് മുന്‍പ് പ്രകോപനം സൃഷ്ടിച്ചത്.

Top