ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായേക്കും, പ്രധാന സഖ്യ കക്ഷി കൂറ് മാറി

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി മന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) സഖ്യ സര്‍ക്കാരില്‍ നിന്നും പ്രധാന കക്ഷികളിലെന്നായ മുത്തഹിദ ഖ്വാമി മോവ്‌മെന്റ് ഓഫ് പാക്കിസ്ഥാന്‍ (എംക്യുഎം) കുറുമാറി. പ്രതിപക്ഷവുമായി എംക്യുഎം ധാരണയിലെത്തിയതായും വിവരങ്ങള്‍ നാളെ പുറത്തു വിടുമെന്നും പ്രതിപക്ഷത്തുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലവാല്‍ ഭൂട്ടോ ട്വീറ്റ് ചെയ്തു

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തു പോവുമെന്ന് ഏറെക്കുറെ ഉറപ്പാക്കുന്നതാണ് സഖ്യ കക്ഷിയുടെ കൂറുമാറ്റം. 342 അംഗങ്ങളുള്ള പാകിസ്താന്‍ നാഷണല്‍ അസംബ്ലിയില്‍ 172 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ഭരണത്തിലുള്ള പിടിഐ സഖ്യം 179 അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എംക്യുഎം-പി കൂറുമാറുന്നതോടെ പിടിഐയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങും. പ്രതിപക്ഷ സഖ്യത്തിനാവട്ടെ 177 അംഗങ്ങളുടെ പിന്തുണ ഇപ്പോഴുണ്ട്. അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പിന്തുണയെ ആവശ്യമുള്ളൂ. ഇതില്‍ കൂടുതല്‍ പിന്‍ബലമാണിപ്പോള്‍ പ്രതിപക്ഷ സഖ്യത്തിനുള്ളത്. എന്നാല്‍ വിദേശ പണത്തിന്റെ ശക്തിയോടെ ചില ആളുകള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്.

മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്താന്‍-മുസ്ലിം ലീഗ് നവാസ് (PML-N), പാക്‌സ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) എന്നിവയുടെ നേതൃത്വത്തില്‍ 100 ലോമേക്കഴ്‌സ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാന്‍ സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. പാകിസ്താന്‍ മുസ്ലിം ലീഗ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഉലമ ഇസ്ലാം എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന് കീഴില്‍ അണിനിരന്നിരിക്കുന്നത്. ഒപ്പം ഇപ്പോള്‍ കൂറു മാറിയ പാര്‍ട്ടികളും

Top