ഇന്ത്യയുമായി സമാധാനപരമായബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് മറുപടി പറയുകയായിരുന്നു ഷഹബാസ് ഷരീഫ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തില്‍ ഊന്നിയതുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ, സമാധാനപരമായ ഒത്തുതീര്‍പ്പ് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ ത്യാഗം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക, സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാകിസ്താന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. കശ്മീരിനുവേണ്ടി സാധ്യമായ എല്ലാ വേദികളിലും ശബ്ദിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. അവര്‍ക്കായി എല്ലാ പിന്തുണയും നല്‍കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, കശ്മീര്‍വിഷയം പരിഹരിക്കാതെ അത് സാധ്യമാകില്ലെന്ന് ഷഹബാസ് പറഞ്ഞു.

നേരത്തെ, പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. സമാധാനവും സ്ഥിരതയുമുള്ള, ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത പ്രദേശം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയൂ എന്നും ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാന്‍ കഴിയൂ എന്നും ട്വിറ്ററില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Top