എന്തിനാണ് ഇത്ര ശത്രുത? പാക്ക് സൈന്യത്തിന്റെ ഇന്ത്യ വിരുദ്ധ നിലപാടില്‍ മാറ്റം

വാഷിങ്ടന്‍: പാക്കിസ്ഥാന്‍ സൈന്യത്തിലെ പുതുതലമുറ ഇന്ത്യയേക്കാള്‍ വലിയ ഭീഷണിയായി സ്വന്തം നാട്ടിലെ ഭീകരവാദികളെ കണ്ടു തുടങ്ങിയതായി പഠന റിപ്പോര്‍ട്ട്. സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാന്‍ സാധ്യതയുള്ള പുതുതലമുറ ഓഫീസര്‍മാര്‍ക്കാണ്‌ ഈ അഭിപ്രായം.

സ്വകാര്യ സംഭാഷണങ്ങളിലും അത്താഴ വിരുന്നുകളിലും ഈ അഭിപ്രായം ഇവര്‍ തുറന്നു പറയാറുണ്ടെന്ന് ‘ദ് ക്വറ്റ എക്‌സ്പീരിയന്‍സ്’ എന്ന പേരിലുള്ള ഒ.സ്മിത്തിന്റെ ലേഖനത്തില്‍ പറയുന്നു. റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണലാണ് ഇദ്ദേഹം. വാഷിങ്ടന്‍ ആസ്ഥാനമായ വില്‍സണ്‍ സെന്ററാണ്‌ പാക്ക് സേനയിലെ മധ്യതല ഓഫീസര്‍മാരുടെ മാറുന്ന മനോഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഉഭയകക്ഷി ധാരണയിലൂടെ 1977 മുതല്‍ 2014 വരെയുള്ള യുഎസ് ആര്‍മി ഓഫീസര്‍മാരും പാക്ക് സഹപാഠികളും തമ്മിലെ സംവാദങ്ങളാണ്‌ പഠനത്തിനു വിധേയമാക്കിയത്. പഴയ തലമുറയില്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ ഓഫീസര്‍മാരില്‍ പരമ്പരാഗതമായ ഇന്ത്യാവിരുദ്ധത കുത്തിവയ്ക്കാനാണ് ശ്രമിക്കാറുളളതെങ്കിലും ഇന്ത്യയ്‌ക്കെതിരായ നിലപാടില്‍ നിരവധി യുവ ഓഫീസര്‍മാര്‍ക്ക് വ്യത്യസ്ഥ അഭിപ്രായമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ല്‍ പഠനം പൂര്‍ത്തിയായെങ്കിലും ക്വറ്റ എന്ന പരിശീലന കേന്ദ്രത്തില്‍ പാക്ക് സേനയുമായി സഹകരിച്ചുവന്ന യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്തു പ്രസിദ്ധീകരിച്ചില്ല. ക്വറ്റ സേനാകേന്ദ്രവുമായുള്ള യുഎസ് സഹകരണം തുടരില്ലെന്ന് 2017ല്‍ ഉറപ്പായ ശേഷമാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സ്മിത്ത് തീരുമാനിച്ചത്.

1981 ല്‍ ഇന്ത്യ മാത്രമാണു ശക്തമായ ‘ബാഹ്യ ഭീഷണി’യെന്നാണു പാക്ക് സൈനികര്‍ കരുതിയിരുന്നത്. 1980 കളില്‍ സോവിയറ്റ് യൂണിയനാണു പ്രധാന ഭീഷണിയെന്ന തോന്നലിലായിരുന്നു ഭൂരിപക്ഷം സൈനിക ഓഫീസര്‍മാരെങ്കിലും ഇന്ത്യയോളം വലിയശത്രു വേറെയില്ലെന്ന ധാരണ അന്നും ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്കെതിരെ ദീര്‍ഘകാലമായി തുടരുന്ന വിരുദ്ധകാഴ്ചപ്പാട് ഉറപ്പിക്കാന്‍ സേനാനേതൃത്വം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നതായി 1995 ല്‍ ക്വറ്റയിലെ വിദ്യാര്‍ഥിയായിരുന്ന ഒരു യുഎസ് സൈനികന്‍ ഓര്‍ത്തെടുത്തു.

കാലങ്ങളായി തുടരുന്ന ഇന്ത്യാവിരുദ്ധ മനോഭാവത്തില്‍ തലമുറകള്‍ തമ്മിലുള്ള ഭിന്നത പിന്നീട് പ്രകടമാകാന്‍ തുടങ്ങി. വ്യോമ, നാവിക സേനയിലെ യുവ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഇന്ത്യക്കനുകൂലമായ ചിന്ത പ്രബലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സേവനം നടത്തിയുള്ള അനുഭവ പരിചയമാണ് ഇന്ത്യയേക്കാള്‍ വലിയ ഭീഷണി ആഭ്യന്തര തീവ്രവാദികളാണെന്ന ചിന്ത ഉടലെടുക്കാന്‍ കാരണം. സഹപ്രവര്‍ത്തകരെ ഭീകരര്‍ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും കണ്ടവരാണ് യുവസൈനികരില്‍ ഭൂരിഭാഗവും. 2012-13 കാലഘട്ടമായപ്പോഴേക്കും ഇന്ത്യയോടുള്ള സമീപനത്തില്‍ കാതലായ മാറ്റം പ്രകടമായി.

എന്തുകൊണ്ടാണു നമ്മള്‍ ഇന്ത്യക്കാരെ ഇത്രമാത്രം വെറുക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും ഇന്ത്യന്‍ സംഗീതവും സിനിമയും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും ഈ കാലഘട്ടത്തിലെ ഒരു വിദ്യാര്‍ഥി പറഞ്ഞതായി സ്മിത്ത് രേഖപ്പെടുത്തി. 2013-14 ബാച്ചില്‍ മിക്കവരും ഇന്ത്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ക്വറ്റ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഈ ധാരണകള്‍ മുളയിലെ നുള്ളാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Top