പാക്കിസ്ഥാനെതിരെ മത്സരങ്ങള്‍ വേണോ എന്ന് കേന്ദ്രവും ബിസിസിഐയും പറയട്ടെ; കൊഹ്ലി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കണോ വേണ്ടയോ എന്ന് കേന്ദ്രവും ബിസിസിഐയും തീരുമാനിക്കട്ടെയെന്ന് വീരാട് കൊഹ്ലി. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി വേണ്ട എന്ന ബിസിസിഐ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം എന്താണോ അതിനൊപ്പമായിരിക്കും ടീം നിലകൊള്ളുക എന്ന് കൊഹ്ലി വ്യക്തമാക്കി.

ബോര്‍ഡും സര്‍ക്കാരും പറയുന്നതിനെ മാനിക്കുക എന്നതാണ് ഇപ്പോള്‍ ടീമിന്റെ തീരുമാനമെന്ന് പറഞ്ഞ കൊഹ്‌ലി പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, ചേതന്‍ ചൗഹാന്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.

ബിസിസിഐയും ഇതേ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് ഉന്നതതല യോഗത്തില്‍ വിഷയത്തേക്കറിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് പറയട്ടെ എന്നിട്ട് മറ്റ് കാര്യങ്ങള്‍ ആലോചിക്കാം എന്ന നിലപാടാണ് ഉണ്ടായത്. പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തയക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top