പാക്കിസ്ഥാന്‍ മാര്‍ബിള്‍ വ്യവസായത്തിന് പിന്നിലെ പരിസ്ഥിതി മലിനീകരണം

കറാച്ചി: മാന്‍ഗോപിര്‍ റോഡ് മുഴുവന്‍ മാര്‍ബിള്‍ കടകളില്‍ നിന്നുള്ള വെളുത്ത പൊടിപടലങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

കെട്ടിടങ്ങളുടെ ജനല്‍പ്പടികള്‍, ഭക്ഷണ ശാലകള്‍, വീടുകള്‍, വീട്ടുപകരണങ്ങളില്‍ എല്ലാം വെളുത്ത പൊടി നിറഞ്ഞിരിക്കുകയാണ്. ശബ്ദമാണ് മറ്റൊരു പ്രശ്‌നം. ഇലക്ട്രിക് കട്ടറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ശബ്ദം വലുതായി വിവിധ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും. മാര്‍ബിളിന്റെ പൊടി കൊണ്ട് അന്തരീക്ഷം വലിയ അളവില്‍ മലിനമായിക്കൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് മാര്‍ബിള്‍ കടകളാണ് ഇവിടെയുള്ളത്.

മോഡേണ്‍ കോളനിയിലെ സ്‌കൂളുകളില്‍ ബഞ്ചും ഡസ്‌ക്കും എല്ലാം വെളുത്ത പൊടി മൂടിയ അവസ്ഥയിലാണ്. എത്ര വൃത്തിയാക്കിയാലും 10 മിനിറ്റിനുള്ളില്‍ വീണ്ടും പൊടിപടലങ്ങള്‍ കൊണ്ട് മൂടും എന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികള്‍ക്ക് ഇവിടെ പഠിക്കാന്‍ സാധിക്കുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുട്ടികളില്‍ നിരന്തരം കണ്ടു വരുന്നു. അടുത്തിടെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ തൊണ്ട സംബന്ധമായ അസുഖങ്ങള്‍ മിക്ക വിദ്യാര്‍ത്ഥികളിലും ഉള്ളതായി കണ്ടെത്തിയിരുന്നു.

സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് മാര്‍ബിള്‍ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ കട ഉടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, കുറേ നേരം പ്രവര്‍ത്തനം ഇല്ലതാകുന്നത് വരുമാനത്തില്‍
ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കട ഉടമകളുടെ നിലപാട്. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കും എന്നത് ശരിതന്നെ പക്ഷേ ഇതല്ലാതെ മറ്റെന്ത് വരുമാന മാര്‍ഗ്ഗമാണ് ഞങ്ങള്‍ക്കുള്ളത് എന്നാണ് ഉടമകളുടെ ചോദ്യം.

380 മാര്‍ബിള്‍ വര്‍ക്ക് ഷോപ്പുകളും ഷോ റൂമുകളുമാണ് ഇവിടെയുള്ളത്. ഇതിന് പുറമെ 190 എണ്ണം കെട്ടിടങ്ങളുടെ ഉള്ളിലായി പ്രവര്‍ത്തിക്കുന്നു. 2850ഓളം ആളുകളാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. 14,000 മുതല്‍ 19,000 രൂപ വരെയാണ് ഓരോ തൊഴിലാളികളുടെയും മാസ വരുമാനം. 350 വന്‍കിട മാര്‍ബിള്‍ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാക്കിസ്ഥാനിലെ എല്ലാ മാര്‍ബിള്‍ ഫാക്ടറികളില്‍ നിന്നുമായി 24 മണിക്കൂറില്‍ 25 ടണ്‍ മാര്‍ബിളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഓരോ ഫാക്ടറികളിലും 25 ഓളം തൊഴിലാളികള്‍ ഉണ്ട്.

ഇതില്‍ നിന്നും പുറത്തു വരുന്ന മാലിന്യം അടുത്ത പ്രദേശങ്ങളില്‍ കൊണ്ട് തള്ളുകയാണ് പതിവ്. ടാങ്കറുകളിലായാണ് ഈ മാലിന്യങ്ങള്‍ ഫാക്ചറികളില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടു പോകുന്നത്. ഓരോ ടാങ്കറിനും 3000 രൂപയാണ് നല്‍കുന്നത്.

രാജ്യത്ത വലിയ ആരോഗ്യ സംരക്ഷണ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ വരുമാനം നേടിത്തരുന്ന മേഖലയാണ് മാര്‍ബിള്‍ വ്യവസായം.

Top