പാക്കിസ്ഥാന്‍ ജേഴ്‌സിയില്‍ ധോണിയുടെ പേര്; ഇതെന്ത് മറിമായമെന്ന് ക്രിക്കറ്റ് ലോകം

ലണ്ടന്‍: പാക്കിസ്ഥാന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ധോണിയുടെ പേര് പ്രത്യക്ഷപ്പെട്ടതാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാര വിഷയം. പാക്കിസ്ഥാന്റെ പുതിയ ഔദ്യോഗിക ലോകകപ്പ് ജേഴ്സിയിലാണ് ധോണിയുടെ പേര് വന്നിരിക്കുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ധോണിയുടെ ഒരു പാക്കിസ്ഥാനി ആരാധകനാണ് ഈ പണി ഒപ്പിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ഷെഹ്സാദ് ഉള്‍ ഹസ്സന്‍ എന്ന വ്യക്തിയാണ് ധോണിയുടെ പേരും ഏഴാം നമ്പറും പ്രിന്റ് ചെയ്ത പാക്കിസ്ഥാന്‍ ജേഴ്സി തയ്യാറാക്കി വാങ്ങിയത്.

ഇന്ത്യയുടെ ചിരവൈരികളായ പാക്കിസ്ഥാന്‍ ജേഴ്സിയില്‍ മുന്‍ ക്യാപ്റ്റന്റെ പേരുകണ്ട ഇന്ത്യക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ധോണിയോടുള്ള ആരാധന കാരണം ജേഴ്സി തയ്യാറാക്കി വാങ്ങിയ ഹസ്സന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ധോണി ആരാധകര്‍ സൗഹൃദത്തോടെയാണ് ഹസ്സന്റെ ഈ പ്രവൃത്തിയോട് പ്രതികരിച്ചത്.

Top