തനിക്ക് ആ രാത്രി ഉറങ്ങാനായില്ല; ദുഖകരമായ അനുഭവം പങ്ക് വച്ച് ജേസണ്‍ റോയ്

പാക്കിസ്ഥാനെതിരായ നാലാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് ഓപ്പണര്‍ ജേസണ്‍ റോയുടെ എട്ടാം ഏകദിന സെഞ്ചുറിയാണ്. 3 വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് കുറിച്ചത്.

341 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ജേസണ്‍ റോയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. എട്ടാം ഏകദിന സെഞ്ചുറിയും. 89 പന്തില്‍ നിന്ന് 114 റണ്‍സെടുത്ത് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഈ മത്സരത്തിന്റെ തലേ ദിവസം തനിക്ക് ഉണ്ടായ അനുഭവം പങ്ക് വയ്ക്കുകയാണ് താരം.

എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഖകരമായ രാത്രി യായിരുന്നു നാലാം ഏകദിനത്തിന് തലേന്ന്. തന്റെ കുഞ്ഞു മകള്‍ എവര്‍ളിക്ക് അസുഖം ബാധിക്കുകയും പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരികയും ചെയ്തു. ഭാര്യക്കൊപ്പം കുട്ടിയെ ആശുപത്രിയിലെത്തിച്ച് രാവിലെ 8.30 വരെ ആശുപത്രിയില്‍ കഴിഞ്ഞു. ഏഴ് മണിക്കൂറോളം ആശുപത്രിയില്‍ നിന്നതിന് ശേഷം രാവിലെ 8.30 ഓടെ തിരിച്ചെത്തിയ തനിക്ക് രണ്ട് മണിക്കൂറോളം മാത്രമാണ് ഉറങ്ങാനായത്.

വേഗം ഉറങ്ങിയെണീറ്റ റോയ്, മത്സരത്തിന് മുന്‍പ് നടത്തുന്ന അവസാന വട്ട പരിശീലനത്തിലാണ് പിന്നീട് ടീമിനൊപ്പം ചേര്‍ന്നത്. ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം കളിച്ച മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ റോയിയാകട്ടെ ടീമിനെ മികച്ച ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

Top