ജയ്‌ഷെക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക്ക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധുരി

ഇസ്ലാമാബാദ്: ഭീകര ക്യാംമ്പുകള്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക്ക് വാര്‍ത്താ വിനിമയമന്ത്രി ഫവാദ് ചൗധുരി. പാക്ക് അതിര്‍ത്തിയിലെ ക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും എന്നാല്‍ ഇതിനുള്ള സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടതില്ലെന്നുമാണ് ഫവാദ് ചൗധുരി പറഞ്ഞത്. പാക്ക് വാര്‍ത്താ ചാനലായ ഡോണിന്റെ പ്രത്യേക പരിപാടിയിലാണ് ഫവാദ് ചൗധുരി നിലപാട് വ്യക്തമാക്കിയത്.

ഭീകര ക്യാംമ്പുകള്‍ക്ക് നേരെ നടപടിയെടുക്കുന്നതിന് പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ സമ്മര്‍ദ്ദമല്ലെന്നും ചൗധുരി പറഞ്ഞു. നേരത്തേ പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ട സംഘടനകളാണ് ജയ്‌ഷെ മുഹമ്മദും ജമാ അത്തെ ഉദ്ദവയും ഫലാ ഇ ഇന്‍സാനിയത്തും. 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് മൂന്ന് സംഘടനകളെയും പാക്കിസ്ഥാന്‍ നിരോധിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന പാക്ക് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഈ മൂന്ന് സംഘടനകളുടെയും നിരോധനം തുടരാന്‍ തീരുമാനിച്ചതായും ഫവാദ് ചൗധുരി വ്യക്തമാക്കി.

ഭീകരസംഘടനകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ നടപടികളില്‍ പാക്കിസ്ഥാന്‍ ആത്മാര്‍ത്ഥ തെളിയിക്കണമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു.

Top