മിന്നലാക്രമണത്തില്‍ മരങ്ങള്‍ നശിച്ചു; ഇന്ത്യന്‍ പൈലറ്റുമാര്‍ക്കെതിരെ കേസെടുത്ത് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ മിന്നലാക്രമണത്തില്‍ പരിസ്ഥിതി നാശം സംഭവിച്ചെന്നാരോപിച്ച് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു.

ഇന്ത്യന്‍ സേന ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ വനംവകുപ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ജെറ്റുകള്‍ വ്യോമാക്രമണത്തില്‍ പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നുമാണ് പാക്കിസ്ഥാന്റെ ആരോപണം. സംരക്ഷിത വനമേഖലയില്‍ നടത്തിയ ബോംബാക്രമണത്തില്‍ വന്‍തോതില്‍ പൈന്‍മരക്കാട് നശിച്ചെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.

ഇന്ത്യയുടെ വ്യോമാക്രമണത്തെ ‘പ്രകൃതി ഭീകരത’ എന്നാണ് പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഈ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം എന്ന് പാക്ക്് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന്‍ അസ്ലം പറഞ്ഞു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയത്. പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അവകാശവാദങ്ങള്‍ പാക്കിസ്ഥാന്‍ തള്ളിയിരുന്നു. കാട്ടിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാന്റെ വാദം.

Top