തൊട്ടാല്‍ തിരിച്ചടിക്കും, ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ജമ്മുകശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച് പാക്കിസ്ഥാന്‍. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കും, എന്നാല്‍ അക്രമത്തിന് ഒരുങ്ങിയാല്‍ പാക്കിസ്ഥാന്‍ ഉറപ്പായും തിരിച്ചടിക്കുമെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കെന്തെന്ന് ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. കശ്മീരികള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനര്‍വിചിന്തനം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാക്കിസ്ഥാന് മറുപടി കൊടുക്കണെമന്ന ആവശ്യം ഇന്ത്യയില്‍ ഉയരുന്നുണ്ട്. രാജ്യത്തെ തൊട്ടാല്‍ ഉറപ്പായും തിരിച്ചടിച്ചിരിക്കുമെന്നും അതില്‍ സംശയം വേണ്ടെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. ചര്‍ച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി. പാക്കിസ്ഥാനെതിരെ നടപടി തുടങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകുമായിരിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേര്‍, ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേരെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Top