പാക്കിസ്ഥാന്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്

Terrorists

ന്യൂഡല്‍ഹി: ധാക്കയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നയതന്ത്രജ്ഞരെന്ന വ്യാജേന ധാക്കയിലുള്ള ഐ.എസ്.ഐ ഏജന്റുമാര്‍ ബംഗ്ലാദേശിലെ ഭീകരപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗ്ലാദേശ് ഭീകര സംഘടനകളിലെ 100 ചാവേറുകള്‍ക്ക് പരിശീലനം നല്‍കാന്‍ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞനും ഭീകരരുമായുള്ള രഹസ്യ യോഗത്തില്‍ ധാരണയായതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. പരിശീലനത്തിന് ശേഷം ഇവരില്‍ ചിലരെ പശ്ചിമ ബംഗാളിലേക്ക് അയച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതുതായി നിയമിച്ച പാക് നയതന്ത്രജ്ഞനെ അംഗീകരിക്കാന്‍ ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ വിമുഖത കാട്ടിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് ഹൈക്കമ്മീഷന്‍ ചുക്കാന്‍ പിടിക്കുന്നതായി ബംഗ്ലാദേശ് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.

നേരത്തേ ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ പൊതു തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ധാക്കയിലെ പാക് ഹൈമ്മീഷനാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിസംബറിലെ മൂന്നാമത്തെ ആഴ്ചയിലാണ് ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ ഭരണകാലാവധി 2019 ജനുവരിയില്‍ അവസാനിക്കും.

Top