ഭീകരര്‍ക്കെതിരെ നടപടിയില്ല; പാക്കിസ്ഥാന് ഇരുട്ടടിയായി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ഇസ്ലാമാബാദ്: ഭീകരസംഘടനകള്‍ക്കെതിരായി പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ തൃപ്തികരമല്ലെന്നാണ് പാക്കിസ്ഥാനെ അറിയിച്ചിരിക്കുന്നത്.

ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ദായേഷ്, അല്‍ ഖ്വായ്ദ, ഹഖാനി നെറ്റ്വര്‍ക്, താലിബാന്‍ തുടങ്ങി എട്ട് ഭീകരസംഘടനകള്‍ക്കെതിരായി പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികളും പാക്കിസ്ഥാന്‍ സമര്‍പ്പിച്ച 27 നടപടികള്‍ 18 എണ്ണവും തൃപ്തികരമല്ലെന്നും ഏഷ്യാ പസഫിക് ഗ്രൂപ്പ് രേഖാമൂലം അറിയിച്ചു.

കള്ളപ്പണം, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ തടയാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്.

ഭീകരസംഘടനകള്‍ക്കെതിരെ കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടികള്‍ വേണമെന്നും നടപടികള്‍ ബോധ്യപ്പെടുത്തി തൃപ്തികരമല്ലായെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സെപ്റ്റംബറില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് എടുക്കും.

Top