വീണ്ടും പാക്ക് പ്രകോപനം ഗൗരവകരം . . . തിരിച്ചടി ഇനിയും ചോദിച്ചു വാങ്ങുമോ ?

ത്ര കിട്ടിയാലും പഠിക്കാത്ത ഒരു രാജ്യമായി പാക്കിസ്ഥാന്‍ മാറി കഴിഞ്ഞു. നിരന്തരം പ്രകോപനം ഉണ്ടാക്കുക എന്നത് ആ രാജ്യത്തിന്റെ ഒരു ശൈലിയാണ്. ഇതിന്റെ ഭാഗമായി മാത്രമേ ഇപ്പോഴുണ്ടായ പ്രകോപനത്തെയും കാണാന്‍ പറ്റൂ.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയത് അതീവ ഗൗരവമായ കാര്യമാണ്. ഇഫ്താറിനെത്തിയ അതിഥികളെ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയായിരുന്നു. അതായത് ഇന്ത്യയില്‍ കയറി നടത്തിയ അതിക്രമമായി തന്നെ കാണാവുന്ന സംഭവമാണിത്. പാക്കിസ്ഥാന്‍ നടത്തിയതു നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനം മാത്രമല്ല രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എതിരായ നീക്കം കൂടിയാണ്.

ലോകത്തെ എല്ലാ ഹൈക്കമ്മിഷനുകള്‍ക്കും പ്രത്യേകമായ അവകാശങ്ങളും പരിഗണനയും ഉണ്ട്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ പോലും ഹൈക്കമ്മിഷനുകള്‍ക്ക് ആ പരിഗണന നല്‍കാറുണ്ട്. അവര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതും രാജ്യങ്ങളുടെ കടമയാണ്.

എന്നാല്‍ ഇവിടെ അതെല്ലാം പാക്കിസ്ഥാന്‍ ലംഘിച്ചിരിക്കുകയാണ്. സുരക്ഷ നല്‍കേണ്ടവരാണ് ഇപ്പോള്‍ അക്രമകാരികളായി മാറിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ സെറേന ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് സംഘടിച്ചെത്തിയാണ് പാക്ക് ഉദ്യോഗസ്ഥര്‍ സംഘര്‍ഷം ഉണ്ടാക്കിയത്.

നൂറു കണക്കിന് പേരെ അവര്‍ ഉപദ്രവിച്ചതായാണ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനും ഡല്‍ഹിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഒരു ഈച്ച പോലും അത് തടസ്സപ്പെടുത്താന്‍ പോയിരുന്നില്ല. അതാണ് ഇന്ത്യയുടെ മഹത്വം. എഴുത്തുകാര്‍, കലാകാരന്‍മാര്‍, പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പാക്ക് വിരുന്നില്‍ പങ്കെടുത്തിരുന്നത്.

മറ്റൊരു രാജ്യത്തോട് എങ്ങനെ പെരുമാറണം എന്ന് ഇതുവരെ പാക്കിസ്ഥാന്‍ പഠിച്ചിട്ടില്ലെന്നത് ആ രാജ്യത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ സിഖ് ഗുരുദ്വാരയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഉദ്യാഗസ്ഥരെയും പാക്ക് ഉദ്യാഗസ്ഥര്‍ പൂട്ടിയിട്ടിരുന്നു. 20 മിനുട്ട് കഴിഞ്ഞ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.

ബാലക്കോട്ട് ആക്രമണത്തിനു ശേഷം സമനില തെറ്റിയ പാക്ക് സൈന്യത്തിന്റെ ഇടപെടലാണ് ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍.

സൈന്യവും ഭീകരരും നിയന്ത്രിക്കുന്ന ഒരു പാവ സര്‍ക്കാര്‍ ആയി മാത്രം ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ മാറി കഴിഞ്ഞു.
ഭീകരരെ പാലൂട്ടി വളര്‍ത്തുന്ന പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയാണ് ഇന്ത്യാ വിരുദ്ധ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയാണ് ഐ.എസ്.ഐയുടെ പ്രവര്‍ത്തനം. ഒരിക്കലും നടക്കാത്ത ആ സ്വപ്നത്തിനു വേണ്ടി ഭീകരരെ മുന്‍ നിര്‍ത്തിയാണ് സകല കളിയും. പുല്‍വാമ ആക്രമണവും ഇതിന്റെ ഭാഗം തന്നെയാണ്.

നിരന്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് കശ്മീര്‍ ജനതയെ ഭയപ്പെടുത്തുന്ന സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്. ഇന്ത്യാ വിരുദ്ധ വികാരം പാക്കിസ്ഥാനില്‍ കത്തിച്ച് നിര്‍ത്തേണ്ടത് സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും ആവശ്യമാണ്. അതിനായാണ് തരംതാണ ഏര്‍പ്പാടിന് പോലും അധികൃതര്‍ മടിക്കാതിരിക്കുന്നത്. ഇഫ്താര്‍ വിരുന്ന് കുളമാക്കിയതും ഇതിന്റെ ഭാഗമാണ്.

ഇന്ത്യയില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കാശ്മീര്‍ വിഷയത്തില്‍ ഒറ്റ നിലപാട് തന്നെയാണ് ഉള്ളത്. അത് വിട്ടുള്ള ഒരു കളിയും ഈ രാജ്യത്തിനുണ്ടാവില്ല. ഇക്കാര്യം പാക്കിസ്ഥാന്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കി ആക്രമണം അഴിച്ച് വിട്ടതിന് ശക്തമായ മറുപടി പാക്കിസ്ഥാന്‍ അര്‍ഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ വ്യോമ പാത തുറന്നെങ്കിലും പാക്കിസ്ഥാന്‍ ഇതുവരെ അത്തരമൊരു നീക്കം നടത്തിയിട്ടില്ല.

ഇത് ആ രാജ്യത്തിന്റെ നിലപാട് സൂചിപ്പിക്കുന്നതാണ്. സംഘര്‍ഷം ഒന്നിനും പരിഹാരമല്ല എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ആക്രമണം നടക്കില്ലന്ന് ഉറപ്പ് വരുത്തേണ്ടതും കേന്ദ്ര സര്‍ക്കാറിന്റെ ബാധ്യതയാണ്.

യുഎന്‍, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടും പാക്കിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. മാര്‍ഗം ഏതായാലും ലക്ഷ്യമായിരിക്കണം പ്രധാനം.

Express View

Top