ദാവൂദിനൊപ്പം അമേരിക്ക തേടുന്ന ഭീകരന്റെയും ചിത്രം പുറത്തുവിട്ട് ഇന്ത്യ; പാക്കിസ്ഥാന്‍ കുരുക്കില്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദിനൊപ്പം അമേരിക്ക തേടുന്ന ഭീകരന്റെയും ചിത്രം പുറത്തുവിട്ട് ഇന്ത്യ. ദാവൂദ് ഇബ്രാഹിന്റെയും അനുയായിയും ‘ഡി കമ്പനി’ അന്താരാഷ്ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിര്‍ മോട്ടിവാലയുടെയും ചിത്രങ്ങളാണ് ഇന്ത്യന്‍ മാധ്യമം പുറത്ത് വിട്ടത്.

ദാവൂദ് പാകിസ്ഥാനിലില്ലെന്ന് വ്യാഴാഴ്ച പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് രണ്ടര പതിറ്റാണ്ടായി ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി പാക് സംരക്ഷണയിലുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമം പുറത്തുവിട്ടത്.

1993ലുണ്ടായ മുംബൈ സ്ഫോടന പരമ്പര കേസിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് ദാവൂദിനെ ഇന്ത്യ അന്വേഷിക്കുന്നത്. അന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയില്‍ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും പാകിസ്ഥാന്‍ ആ വാദത്തെ നിഷേധിക്കുകയാണ് ചെയ്തത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പുറത്തു വരുന്നത്. കറാച്ചിയിലെ ആഡംബര വസതിയായ ക്ളിഫ്ടണ്‍ ഹൗസിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ഭാര്യ മെഹ്ജാബിനും മകന്‍ മോയിന്‍ നവാസും ദാവൂദിനൊപ്പമുണ്ട്. ദാവൂദിന്റെ ബംഗ്ളാവിന് സമീപം തന്നെയാണ് മോട്ടിവാലയുടെയും ഭവനം. 2018 ആഗസ്റ്റ് 17ന് ഇയാളെ സ്‌കോട്ട് ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്ളീന്‍ചിറ്റു നല്‍കി പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ബ്രിട്ടന് കത്ത് നല്‍കുകയായിരുന്നു.

2018 ആഗസ്റ്റില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ച് ബ്രിട്ടന്റെ സ്‌കോട്ട്ലന്‍ഡ്യാര്‍ഡ് പൊലീസ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു.

ദാവൂദിന്റെ ഡി കമ്പനിയുടെ നിര്‍ണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ എഫ്.ബി.ഐയുമായി ബന്ധപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും ഇവര്‍ കരുതുന്നു.

അറസ്റ്റിലാകും മുമ്പ് ജാബിര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടനില്‍ 10 വര്‍ഷത്തെ വിസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡയില്‍ പൗരത്വത്തിനും ജാബിര്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ആധികാരികത ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചതോടെ, ഇനി അടുത്ത ഇന്ത്യ പാക്ക് പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

Top