പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ കൂടുതല്‍ സൈനിക ക്രമീകരണങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ കൂടുതല്‍ സൈനിക ക്രമീകരണങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നതായാണ് ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.

ഉറി, പൂഞ്ച്, രജൗറി, നൗഷേര, സുന്ദര്‍ബനി എന്നീ മേഖലകളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച നിരവധി ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെയാണ് പാക്കിസ്ഥാന്റെ ഒരു ഡ്രോണ്‍ വിമാനം ഗുജറാത്തില്‍ വെടിവെച്ചിട്ടത്. നിരീക്ഷണങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കിലും മിസൈലുകളും ലേസര്‍ ബോംബുകളും ഇത്തരം ആളില്ലാ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. വേണ്ടിവന്നാല്‍ ഭൂമിയിലും ആകാശത്തുമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താനും ഈ ഡ്രോണുകള്‍ക്ക് സാധിക്കും.

പാക്കിസ്ഥാന്‍ ചൈനയില്‍നിന്ന് 48 വിങ് ലൂങ് ഡ്രോണുകള്‍ വാങ്ങിയിരുന്നു. പാക് അധീന കശ്മീരിലും ചൈനീസ് ഇടപെടല്‍ ഉണ്ടാവുന്നതിന്റെ സൂചനയായി പുതിയ സംഭവ വികാസങ്ങളെ കാണാമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Top