പാക്ക് മണ്ണില്‍ മിന്നലാക്രമണത്തിനു തുനിഞ്ഞാല്‍ മറുപടി തടുക്കാനാവില്ല, ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പാക്ക് മണ്ണില്‍ മിന്നലക്രമണം നടത്താന്‍ ഇന്ത്യ തുനിഞ്ഞാല്‍ മറുപടി തടയാനാവില്ലെന്നു പാക്കിസ്ഥാന്‍.

പാക് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിന്നലാക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തയാറാണെന്ന എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയുടെ പ്രസ്താവനയോടു പ്രതികരിക്കവെ, പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫാണ് ഈ മറുപടി നല്‍കിയത്. അയല്‍ക്കാരുമായി സമാധാനത്തിലും ഐക്യത്തിലും കഴിയാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ ഏറ്റവും മോശം നിലയിലാണെന്നും ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും വാഷിംഗ്ടണിലെ യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ സംസാരിക്കവെ ഖ്വാജ പറഞ്ഞു. കാഷ്മീരാണ് ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തടസമെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

നേരത്തെ, ഒരേസമയം ദ്വിമുഖ യുദ്ധത്തിനു സേന തയാറാണെന്ന് വ്യോമസേനാ മേധാവി പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ ഏതുസ്ഥലത്തും, വേണമെങ്കില്‍ പാക് ആണവകേന്ദ്രങ്ങളില്‍ വരെ ആക്രമണം നടത്തുന്നതിനു സേന സജ്ജമാണ്. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ഭീഷണികളെയും നേരിടാനും ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Top