പാകിസ്താന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിന് ഇന്ന് തുടക്കമാകും

ഓക്ലാന്‍ഡ്: പാകിസ്താന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിന് ഇന്ന് തുടക്കമാകും. പരമ്പരയില്‍ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് കളത്തിലിറങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താന്‍ പരാജയപ്പെട്ടു.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഒരു വിജയത്തിന് ആഗ്രഹിക്കുന്നുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ അമീര്‍ ജമാലും ന്യൂസിലാന്‍ഡ് പരമ്പരയില്‍ കളിക്കും. ഇന്ന് രാവിലെ 11.30നാണ് ആദ്യ മത്സരത്തിന് തുടക്കമാകുക.

പുതിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും വിജയമാണ് ആവശ്യം. കെയ്ന്‍ വില്യംസണ്‍ നായകനായ കിവിസ് നിരയില്‍ ഡാരല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റര്‍, ടിം സൗത്തി തുടങ്ങിയ പ്രമുഖര്‍ എല്ലാവരുമുണ്ട്. മറുവശത്ത് ഷഹീന്‍ ഷാ അഫ്രീദി നായകനായ ശേഷം പാകിസ്താന്‍ ആദ്യമായി ഒരു പരമ്പരയ്ക്ക് ഇറങ്ങുകയാണ്.

Top