ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനം; ഫ്‌ലാഗ് മീറ്റിങ്ങില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്‌ലാഗ് മീറ്റിങ്ങില്‍ ആണ് ബിഎസ്എഫ് പാക് റേഞ്ചേഴ്‌സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ ധാരണയായി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കണമെന്ന് ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ ജമ്മുവില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത സംഭവങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ലാഗ് മീറ്റിങില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പാകിസ്താന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

അര്‍ണിയ സെക്ടറിലെ വിക്രം പോസ്റ്റിലാണ് വെടിവയ്പുണ്ടായത്. ഇഖ്ബാല്‍, ഖന്നൂര്‍ എന്നീ പാക് പോസ്റ്റില്‍ നിന്നാണ് വെടിയുതിര്‍ത്തത്. ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് സ്നൈപ്പര്‍മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാര്‍ തിരിച്ചടിച്ചതായും അതിര്‍ത്തി രക്ഷാ സേന അറിയിച്ചിരുന്നു.

Top