ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യത കാണുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യത താന്‍ കാണുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അടുത്തിടെ അല്‍ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ ഒരു യുദ്ധം ആരംഭിച്ചാല്‍ അത് അവസാനിക്കുന്നത് ആണവായുധത്തിലാവും.

എന്നാല്‍ താന്‍ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ലെന്നും, സമാധാന വാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങള്‍ ഒരു പ്രശ്‌നവും പരിഹരിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം അഭിമുഖത്തില്‍ ഉടനീളം മോദി സര്‍ക്കാരിനെയും, ബി ജെ പിയെയും നിശിതമായി ഇമ്രാന്‍ വിമര്‍ശിക്കുകയും ചെയ്തു.

കാശ്മീരില്‍ നടക്കുന്ന വംശഹത്യയില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ന്യൂഡല്‍ഹി ശ്രമിക്കുന്നത്, അതിനുള്ള വഴിയായിട്ടാണ് പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. കാശ്മീരില്‍ എട്ട് ദശലക്ഷം മുസ്ലീങ്ങള്‍ ആറാഴ്ചയോളമായി ഉപരോധത്തിലാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.

ഇന്ത്യയുമായി സമാധാന സംഭാഷണം പുനരാരംഭിക്കുവാന്‍ താന്‍ ശ്രമിച്ചുവെന്നും ഇമ്രാന്‍ അറിയിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ സമാധാനത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി കരിമ്പട്ടികയില്‍ തള്ളാനാണ് ഇന്ത്യ ശ്രമിച്ചത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി കാശ്മീരിനെ അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍ സര്‍ക്കാരുമായി ഇനി സംസാരിക്കില്ലെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇമ്രാന്‍ പറഞ്ഞു.

ലോകം ഇടപെട്ടില്ലെങ്കില്‍ രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മാസവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കാശ്മീര്‍ തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യണമെന്നും ഖാന്‍ പറഞ്ഞിരുന്നു.

Top