ഇന്ത്യന്‍ സൈനികര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ‘പെണ്‍കെണി’ ഒരുക്കി പാക് ഐഎസ്‌ഐ; മുന്നറിയിപ്പ്

laptop

ന്ത്യന്‍ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥരെ ‘പെണ്‍കെണിയില്‍’ കുരുക്കാന്‍ പുതിയ പദ്ധതിയൊരുക്കി പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ). ഫേസ്ബുക്കും, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് പാക് ഐഎസ്‌ഐ വലവിരിച്ച് കാത്തിരിക്കുന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുതിര്‍ന്ന ഐഎസ്‌ഐ ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിതമായാണ് ഈ ഓപ്പറേഷന്‍ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ശ്രോതസ്സുകള്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ ചാരസംഘടന നടത്തുന്ന ഗൂഢനീക്കങ്ങളുടെ വിശദവിവരങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് വിവരം. ഹണിട്രാപ്പ് കേസുകളില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ എംഎച്ച്എ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവ നേവല്‍ പരിധികളില്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ നേവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കപ്പലുകളിലും, നേവല്‍ എയര്‍ബേസുകളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഇന്ത്യന്‍ നേവി വിലക്കിയിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നും ഏഴ് വേനി ഉദ്യോഗസ്ഥരെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉത്തരവ്.

മുംബൈയില്‍ നിന്ന് ഒരു ഹവാല ഇടപാടുകാരനെയും പാകിസ്ഥാന്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും നേവി ഉദ്യോഗസ്ഥര്‍ പാക് ഏജന്റുമാരുടെ ഹണിട്രാപ്പിലാണ് കുടുങ്ങിയത്. ആന്ധ്രപ്രദേശ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും, നേവി ഇന്റലിജന്‍സും ചേര്‍ന്നാണ് ചാരശൃംഖല തകര്‍ത്തത്.

Top