പാകിസ്ഥാന്‍ സൈന്യത്തെ അധിക്ഷേപിച്ചാല്‍ ജയില്‍ : നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

ഇസ്ലാമാബാദ്: സായുധ സേനകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ജയില്‍ ശിക്ഷ വിധിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലിനെതിരെ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഫെഡറല്‍ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും നിയമവിദഗ്ധരുമടക്കമുള്ളവരാണ് പ്രതിഷേധം ഉയര്‍ത്തുന്നത്. കരട് ബില്ലിന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.’ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ 2020′ പ്രകാരം സൈന്യത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ 5,00,000 വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവായ അംജിദ് അലി ഖാനാണ് ബില്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷപാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കിയത്. പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം കടുത്തു. ഇമ്രാന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാരടക്കം ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വിമര്‍ശനം അപരാധമാക്കുന്നത് പരിഹാസ്യമാണെന്നായിരുന്നു ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം. മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരേന്‍ മസാരിയും സമാന നിലപാട് സ്വീകരിച്ചു. ഭേദഗതി നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ബാര്‍ കൗണ്‍സിലും രംഗത്ത് വന്നിട്ടുണ്ട്.

സൈന്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പൊതുവെ ആശങ്ക ഉയരുന്നത്. ഏതൊരാള്‍ക്കുമെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശങ്ങള്‍ തടയാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണ്. പുതിയ ഭേദഗതി ഭരണഘടന പ്രതിനിധാനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കും. ഭരണഘടനാ പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പ്രതിരോധ സേനകളുടെ യശസ്സ് കാക്കാന്‍ പ്രത്യേക നിയമം ആവശ്യമില്ല. അതുപോലെ തന്നെ സ്വന്തം പരിധികള്‍ ലംഘിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത് തടയാന്‍ ഒരു നിയമത്തിനുമാകില്ലെന്നുമാണ് ഭേദഗതിയെ എതിര്‍ക്കുന്നവരുടെ നിലപാട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന നടപടികളെ എതിര്‍ക്കുമെന്ന് ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പ്യൂപ്പിള്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top