പാക്കിസ്ഥാനിൽ വൻ ദുരിതങ്ങൾ വിതച്ച് ഇന്ത്യയുടെ കിടിലൻ സാമ്പിൾ വെടിക്കെട്ട്

സൈനിക ആക്രമണത്തിന് മുന്‍പേ പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ച് ഇന്ത്യ. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചിതറിയ 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ചോരക്ക് പാക്കിസ്ഥാന്റെ കാര്‍ഷിക,വ്യാവസായിക മേഖലയാണ് ആദ്യം തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. 5 ശതമാനം കസ്റ്റംസ് നികുതി 200 ശതമാനമാക്കി കുത്തനെ ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ. ഇന്ത്യന്‍ വിപണികൂടി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ കാര്‍ഷിക,വാണിജ്യമേഖലകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ഉള്ളി, സിമെന്റ്, ജിപ്‌സം, ഉണങ്ങിയ പഴങ്ങള്‍ എന്നിവയുടെ പ്രധാന വിപണിയാണ് ഇന്ത്യ.

പാക്കിസ്ഥാനു നല്‍കിയ സൗഹൃദരാജ്യമെന്ന പദവി ഭീകരാക്രമണത്തെ തുടര്‍ന്ന് എടുത്തുകളഞ്ഞു. കസ്റ്റംസ് നികുതി കൂട്ടിയതോടെ പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി 200 ട്രക്കുകളാണ് വാഗ അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുന്നത്. 200 ശതമാനം നികുതി അടച്ചാല്‍ മാത്രമേ ഇവ ഇന്ത്യയിലേക്കു കൊണ്ടുപോകാനാവൂ. കനത്ത നികുതി അടച്ചാല്‍ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍പന നടത്തി ലാഭം നേടാനുമാവില്ല. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടയപ്പെട്ടതോടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയാണിപ്പോള്‍ ലഭിക്കുന്നത്. ഇത് ഇന്ത്യന്‍ ഗ്രാമീണ മേഖലക്ക് പുതിയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ഉല്‍പ്പന്നങ്ങള്‍ തടഞ്ഞത് അഫ്ഗാനിസ്ഥാന് ഏറെ നേട്ടമായിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള ഉണങ്ങിയ പഴങ്ങളും നിര്‍മ്മാണ വസ്തുക്കളും മറ്റും തടസമില്ലാതെ ഇന്ത്യയിലേക്കു കടത്തിവിടുന്നുണ്ട്.പാക്കിസ്ഥാനില്‍ നിന്നുള്ള സിമെന്റിന് ചാക്കിന് 200 രൂപയാണ് വില. ഇന്ത്യയിലെ നിര്‍മ്മാണാവശ്യങ്ങള്‍ കണക്കിലെടുത്ത് വന്‍തോതിലാണ് പാക്കിസ്ഥാനില്‍ നിന്നും സിമെന്റെത്തിയിരുന്നത്.

നികുതികൂട്ടിയതോടെ 200 രൂപയുടെ സിമെന്റിന് 700 രൂപയായി കുത്തനെ വില വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ പാക്കിസ്ഥാനില്‍ നിന്നുള്ള സിമെന്റിന് ഇന്ത്യയില്‍ ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. പാക്കിസ്ഥാനിലെ വ്യാപാരികളും വ്യവസായികളും കടുത്ത പ്രതിസന്ധിയിലുമാണ്. നികുതി കുറപ്പിക്കാന്‍ ഇവര്‍ പാക് സര്‍ക്കാര്‍ വഴി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. പാക്കിസ്ഥാനിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവും ഇന്ത്യ തടഞ്ഞാല്‍ പാക്കിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധിയിലാകും. ഈ നീക്കവും ഉടന്‍ ഇന്ത്യ നടത്തുമെന്നാണ് സൂചന.എണ്ണയാല്‍ സമ്പന്നമായ അയല്‍ രാജ്യം ഇറാനും നിലവില്‍ പാക്കിസ്ഥാനെതിരാണ്.

ഇന്ത്യക്കൊപ്പം അഫ്ഗാനിസ്ഥാനും ഇറാനും പാക്ഭരണകൂടത്തിന്റെ ഭീകരവാദ ബന്ധത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ശക്തമായ ഉപരോധത്തിലേക്കു നീങ്ങിയാല്‍ പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നടിയും. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമെല്ലാം പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഇതു തടഞ്ഞാല്‍ കൂടിയ വിലക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങേണ്ടിവരും. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ വാഹനങ്ങള്‍പോലും ലേലം ചെയ്ത് വില്‍പന നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

അതേ സമയം പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുടെ സുചന നല്‍കി അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഒഴിഞ്ഞ് പോകാന്‍ ജനങ്ങളോട് സൈന്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാശ്മീരില്‍ മാത്രം 100 കമ്പനി പാരാമിലട്ടറി ഫോഴ്‌സിനെയാണ് വിന്യസിച്ചിരിക്കുന്നത്. കാശ്മീരില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ നേരിടാനാണിത്. ഭീകരരെയും അവരെ സഹായിക്കുന്നവരെയും പിടികൂടുക എന്നതില്‍ നിന്നും മാറി കൊല്ലുക എന്ന നിലപാടാണ് സൈന്യം കാശ്മീരില്‍ സ്വീകരിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിനുള്ള തിരിച്ചടിയുടെ മുന്നോടിയായി പാക്ക് -ചൈന അതിര്‍ത്തികളില്‍ ഇപ്പോഴും വലിയ രൂപത്തില്‍ സേനാ വിന്യാസം നടന്നു വരികയാണ്. കരസേനക്കു പിന്നാലെ വ്യോമ-നാവിക സേനകളും യുദ്ധസജജരായി നിലയുറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ സംബന്ധമായ നിര്‍ണ്ണായക വിവരങ്ങള്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ക്ക് കൈമാറിയതായ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

Top