പാക് വനിതാ ഫോട്ടോ​ഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു

ചിക്കാഗോ: പാക് വംശജയായ പ്രശസ്ത വനിതാ ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) വെടിവെച്ച് കൊലപ്പെടുത്തി. മുൻ ഭർത്താവാണ് ക്രൂര കൃത്യത്തിന് പിന്നിൽ. ശേഷം ഇയാളും സ്വയം വെടിയുതിർത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരണത്തിനു കീഴടങ്ങി. വിവാഹ ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ സാനിയ ഖാൻ സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. 36 കാരനായ മുൻഭർത്താവ് റഹീൽ അഹമ്മദാണ് സാനി‌യയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

റഹീൽ ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയതാണെന്നും പൊലീസ് പറഞ്ഞു. റഹീൽ അഹമ്മദിനെ കാണാതായതിനെ തുടർന്ന് ജോർജിയയിലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

വിവാഹ മോചനത്തെക്കുറിച്ച് സാനിയ ടിക്ടോക്കിൽ വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാൾ തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തുടർന്ന് സാനിയയുമായി തർക്കമുണ്ടാകുകയും വെടി‌യുതിർക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇയാൾ സ്വയം വെടിവെച്ചു. പൊലീസ് വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു. സാനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. റഹീലിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. വിവാഹ ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രശ്നങ്ങൾ സാനിയ ടിക് ടോക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഭർത്താവ് കുപിതനായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാ​ഹ മോചിതരായത്.

Top