ബിപിന്‍ റാവത്തിന് ഹൃദയം തൊടുന്ന അനുശോചനക്കുറിപ്പുമായി മുന്‍ പാക് സൈനികന്‍

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അനുശോചന പ്രവാഹങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവര്‍ക്ക് വിരമിച്ച ബ്രിഗേഡിയര്‍ ആര്‍ എസ് പതാനിയ ട്വിറ്ററിലൂടെ അറിയിച്ച അനുശോചന കുറിപ്പാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്.

‘സല്യൂട്ട് യു സര്‍. ജയ് ഹിന്ദ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനോട് മുന്‍ പാക് സൈനികനായ മേജര്‍ ആദില്‍ രാജ പ്രതികരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയത്. ‘സര്‍, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക,’ എന്നായിരുന്നു ആദില്‍ രാജയുടെ മറുപടി. പാകിസ്ഥാന്‍ എക്‌സ്‌സര്‍വീസ്‌മെന്‍ സൊസൈറ്റിയുടെ വക്താവ് കൂടിയാണ് ആദില്‍ രാജ.

ഇതിനുള്ള മറുപടിയായി ‘നന്ദി, ആദില്‍. അതാണ് ഒരു സൈനികനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, . സല്യൂട്ട് യു,’ എന്ന് ആര്‍ എസ് പതാനിയ കുറിച്ചു. ഒരു സൈനികന്‍ എന്ന നിലയില്‍ ചെയ്യേണ്ട ഏറ്റവും മാന്യമായ കാര്യമാണ് ഇതെന്ന് ആദില്‍ രാജ മറുപടി നല്‍കി. നിങ്ങളുടെ നഷ്ടത്തില്‍ ദുഖിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പഞ്ചാബി നാടോടിക്കഥകളില്‍ ‘ദുഷ്മാന്‍ മാരേ തേ ഖുഷ്യന്‍ ന മാനാവൂ, കദ്ദേ സജ്‌ന വി മര്‍ ജാന’ എന്ന് പറയുന്നുണ്ട്. ‘നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കുമെന്നാണ് ഇതിന്റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ആദില്‍ രാജയ്ക്ക് പ്രതികരണം അറിയിക്കുന്നത്.

Top