Pakistani Sikhs open gurdwara after 73 years,

പെഷവാര്‍: എഴുപത്തിമൂന്നു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഗുരുദ്വാര വിശ്വാസികള്‍ക്കായി തുറന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷമായ സിക്ക് മതവിശ്വാസികള്‍ അത് ഗംഭീരായി ആഘോഷിക്കുകയും ചെയ്തു.

എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഉത്കണ്ഠ തുടരുകയാണ്. മുന്നൂറ് വര്‍ഷം പഴക്കമുള്ള ഗുരുദ്വാരയ്ക്ക് മുമ്പില്‍ ഒരു പൊലീസുകാരന്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച സിക്ക് നേതാവും ഖൈബര്‍ പുഖ്തുംഗവാ പ്രവിശ്യയിലെ ന്യൂനപക്ഷ മന്ത്രിയുമായ സര്‍ദാര്‍ സുരണ്‍ സിംഗ് കൊല്ലപ്പെട്ടിരുന്നു. ഇത് സിക്ക് ജനതയെ മുഴുവന്‍ ഭീതിയിലാക്കിയിരിക്കുകയാണ്.

കൊലപാകത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നെങ്കിലും രാഷ്ട്രിയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് പൊലീസ് കുറ്റവാളിയെ പിടികൂടിയിരുന്നു. അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന താലിബാന്‍ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധാരുണമായ കാര്യമാണ് നടക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലെ ഒരു പ്രവണതയിതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ തീവ്രവാദ കലാപങ്ങളുടെ പ്രധാന സ്ഥാനമായ പെഷവാറില്‍ സ്‌കൂളുകള്‍ ആക്രമിക്കപ്പെടുകയും പഠിച്ചുകൊണ്ടിരുന്ന കുട്ടികളെ കൊലപ്പെടുത്തുകയും, സര്‍ക്കാര്‍ ജീവനക്കാരുടെ ബസിനു നേരെ ബോംബാക്രമണങ്ങള്‍ നടക്കുകയും പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.

പുതിയതായി തുറന്ന ഗുരുദ്വാരയില്‍ 24 മണിക്കൂര്‍ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ആക്രമണം നടക്കാന്‍ സാധ്യത ഏറെയാണെന്നാണ് നിഗമനം. ഗുരുദ്വാരയോട് ചേര്‍ന്ന് തന്നെ പെണ്‍കുട്ടികളുടെ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നു എന്നത് ഏവരുടെയും ഭയം കൂട്ടുന്നുമുണ്ട്.

Top