മുഹമ്മദ് നബിയെ അവഹേളിച്ചു; യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാക് കോടതി

ലാഹോര്‍: സമൂഹമാധ്യമങ്ങളിലൂടെ മതപ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു.  33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

മുസ്ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് 2013 മാര്‍ച്ചിലാണ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിലാണ് ഹഫീസിന് വധശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് മുള്‍ട്ടാന്‍ ജയിലില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. വിധിയെ വിമര്‍ശിച്ച് ഹഫീസിന്റെ അഭിഭാഷകന്‍ അസദ് ജമാല്‍ രംഗത്തെത്തുകയും വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്നും പറഞ്ഞു.

വിധിക്ക് ശേഷം പ്രൊസിക്യൂഷന്‍ അഭിഭാഷകന്‍ മധുരം വിതരണം ചെയ്യുകയും അള്ളാഹു അക്ബര്‍ എന്ന് ഉച്ചരിക്കുകയും ചെയ്തു. ‘ദൈവനിന്ദകന്റെ അന്ത്യം’ എന്നും അദ്ദേഹം പറഞ്ഞു.

” വിധിയുടെയും നീതിയുടെയും വലിയ തോല്‍വിയാണ് ജുനൈദ് ഹഫീസിന് നല്‍കിയ വധശിക്ഷ… ഇത് ഏറെ നിരാശയും അത്ഭുതവും ഉണ്ടാക്കി” – ആംനസ്റ്റിയിലെ റാബിയ മൊഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ ഹഫീസിനെ സ്വതന്ത്രനാക്കുകയും അദ്ദേഹത്തിനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിചാരണ നടക്കുന്നതിനിടെ 2014 ല്‍ ഹഫീസിന്റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.

Top