അതിര്‍ത്തിയില്‍ പാക് സേന വിന്യാസം ! വ്യോമനീക്കം നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ സൈന്യത്തിനെ വിന്യസിച്ച് പാക്കിസ്ഥാന്‍. ഗില്‍ജിത് ബാള്‍ടിസ്ഥാന്‍ മേഖലയില്‍ 20000 സൈനികരെ വിന്യസിച്ചെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം അതിർത്തിയിൽ വിന്യസിച്ചതിലും അധികം സൈനികരെ പാകിസ്ഥാൻ ഇപ്പോൾ നിയന്ത്രണരേഖയിലേക്ക് എത്തിച്ചുവെന്നാണ് സൂചന.

ചൈനീസ് സൈന്യം അതി‍ർത്തിയിൽ ഭീഷണി ഉയർത്തുന്നതിനിടയിൽ ഇപ്പുറത്ത് പാകിസ്ഥാനും കൂടി ചേരുമ്പോൾ ഇന്ത്യയ്ക്ക് ഇരട്ടവെല്ലുവിളിയാണ് ഉയരുന്നത്. പാകിസ്ഥാന്റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. പാക് ചാരസംഘടനയായ ഐഎസ്ഐയും ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.അതിർത്തിയിൽ ചൈനയും പാകിസ്ഥാനും തമ്മിലുള്ള സഹകരണമാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.

വിഷയത്തിൽ ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമങ്ങളെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്. ആക്രമണ പദ്ധതിയുമായി 100 പാക്‌ തീവ്രവാദികൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

Top