വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ റിലീസിനൊരുങ്ങി പാകിസ്ഥാൻ ചിത്രം; തടയുമെന്ന് എംഎൻഎസ്

മുംബൈ: പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ആദ്യമായി റിലീസിനൊരുങ്ങി പാകിസ്ഥാൻ സിനിമ. ‘ദ ലെജൻഡ് ഓഫ് മൗലാ ജത്’ എന്ന ചിത്രമാണ് ഡിസംബർ 30ന് റിലീസിനൊരുങ്ങുന്നത്. പാകിസ്ഥാനിൽ നിർമ്മിച്ച് പാകിസ്ഥാൻ അഭിനേതാക്കൾ അഭിനയിച്ച ചിത്രമാണ് ‘ദ ലെജൻഡ് ഓഫ് മൗലാ ജത്’.

എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) രം​ഗത്തെത്തി. ചിത്രം പ്രദർശിപ്പിക്കരുതെന്ന് തിയറ്റർ ഉടമകൾക്കും സീ സ്റ്റുഡിയോസ്, മൂവിടൈം സിനിമ, ഓഗസ്റ്റ് എന്റർടൈൻമെന്റ്, തിലക് എന്റർടെയ്ൻമെന്റ് എന്നിവയുൾപ്പെടെ വിവിധ വിതരണ കമ്പനികൾക്കും എംഎൻഎസ് കത്തയച്ചു. ഡിസംബർ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാൻ ചിത്രമായിരിക്കും ഇത്.

ചിത്രം മഹാരാഷ്ട്രയിൽ ഉടൻ റിലീസ് ചെയ്യാൻ ബോധപൂർവം പദ്ധതിയിടുന്നതായും എംഎൻഎസ് ആരോപിച്ചു. പാകിസ്ഥാൻ എങ്ങനെയാണ് ഇന്ത്യൻ വിരുദ്ധ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത് വിശദീകരിക്കേണ്ടതില്ല. സൈനികരും പൊലീസും പൗരന്മാരും പാക് തീവ്രവാദ പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അതിനെതിരെ കാലാകാലങ്ങളായി പ്രതിഷേധിക്കുന്നുണ്ട്. പാകിസ്ഥാൻ ചിത്രം മഹാരാഷ്ട്രയിൽ റിലീസ് ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും എംഎൻഎസ് കത്തിൽ ചൂണ്ടിക്കാട്ടി.

ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ സിനിമാസ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. 10 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പാകിസ്ഥാൻ ചിത്രമായി മാറി. ഒക്ടോബർ 13നാണ് ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്തത്. ബിലാൽ ലഷാരിയാണ് സംവിധാനം. 1979 ലെ കൾട്ട് ക്ലാസിക് മൗലാ ജാട്ടിന്റെ ഒരു അഡാപ്റ്റേഷനാണ് ചിത്രം.

Top