പഞ്ചാബ്-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ അട്ടാരിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി

ന്യൂഡല്‍ഹി : പഞ്ചാബ്-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ അട്ടാരിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ് അട്ടാരിയിലെ പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഡ്രോണ്‍ പഞ്ചാബ് പോലീസിന് കാണിച്ചുകൊടുത്തത്.

പഞ്ചാബില്‍ നിന്ന് നേരത്തെയും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പിടിയിലായ പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചില്‍ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു.

10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.

പത്ത് ദിവസത്തിനിടെ എട്ട് തവണയാണ് ഈ ഡ്രോണുകള്‍ വഴി ആയുധക്കടത്ത് നടത്തിയതെന്നാണ് വിവരം. അഞ്ച് കിലോ ഭാരം വരെ വഹിക്കാനാകുന്ന ഈ ഡ്രോണുകള്‍ക്ക് താഴ്ന്നും ഉയരത്തിലും പറക്കാനാകുമെന്നും പ്രത്യേകതയാണ്.

Top