പാക്ക് താരത്തിന്റെ ഷൂലേസ് കെട്ടികൊടുത്ത ചഹാലിന് സോഷ്യല്‍മീഡിയയില്‍ കൈയ്യടി

ദുബായ്: ലോകം കാത്തിരുന്ന പോരാട്ടമാണ് ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാ കപ്പില്‍ അരങ്ങേറിയത്. ഇന്ത്യ പാക്ക് പോരില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.

എന്നാല്‍, വീറും വാശിയുമുള്ള ക്രിക്കറ്റ് മത്സരത്തില്‍ എതിര്‍ ടീം താരത്തെ സഹായിക്കാന്‍ ഇന്ത്യന്‍ താരം ചഹാല്‍ കാണിച്ച മനസിനെയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കൈയ്യടിയ്ക്കുന്നത്. ഇന്നലെ നടന്ന ഇന്ത്യ പാക്ക് മത്സരത്തിന്റെ 42ാം ഓവറിലാണ് സംഭവം.

ഓവറിനിടെ പാക്ക് താരം ഉസ്മാന്‍ ഖാന്‍ വിക്കറ്റിനിടയില്‍ ഓടുന്നതിന് ഷൂവിന്റെ മുറുക്കമില്ലായ്മ തടസമായി. ഇതോടെ ചഹാല്‍ മുട്ടുകുത്തി ഉസ്മാന്റെ ഷൂവിന്റെ ചരട് കെട്ടികൊടുത്തു. പരസ്പരം ആക്രമണ സ്വഭാവത്തോടെ കളത്തില്‍ പോരാടുമ്പോഴും എതിര്‍ താരത്തിനോട് മാന്യത പുലര്‍ത്തുന്ന ചഹാലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനവുമായി എത്തുന്നത്.

നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ഗൗതത്തിന് ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലെത്താന്‍ സാമ്പത്തിക സഹായവുമായി എത്തിയത് പാക്കിസ്ഥാന്റെ കടുത്ത ആരാധകനും ഷിക്കാഗോ ചാച്ചയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബഷീറായിരുന്നു.

Top