പാക്കിസ്ഥാനില്‍ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണു; 17 മരണം

ഇസ്ലാമാബാദ്: ചെറുസൈനികവിമാനം തകര്‍ന്നുവീണ് പാക്കിസ്ഥാനില്‍ 17 മരണം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട് അറിയിച്ചു.

ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിടമേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ അഞ്ചുപേര്‍ സൈനികരാണെന്നും റിപോര്‍ട്ടുകളുണ്ട്. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നും വിവരമുണ്ട്.വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. പലരും വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി.


പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് പാക്ക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും സൈന്യം അറിയിച്ചു. പറക്കലിനിടെ പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും അപകടത്തില്‍പ്പെടാനുള്ള കാരണത്തെക്കുറിച്ച് അറിവായിട്ടില്ലെന്നും സൈന്യം അറിയിച്ചു.

Top