ലോകകപ്പിനൊരുങ്ങുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി; യുവപേസര്‍ ഉണ്ടാകില്ല

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനൊരുങ്ങുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. അവരുടെ യുവ പേസര്‍ നസീം ഷായ്ക്ക് ലോകകപ്പ് പൂര്‍ണമായും നഷ്ടമായേക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് നസീമിന് പരിക്കേല്‍ക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം നേരത്തെ താരത്തിന്റെ പരിക്കില്‍ ആശങ്ക പങ്കുവച്ചിരുന്നു. ലോകകപ്പില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന വാര്‍ത്തയാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിടുന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നസീം മുഴുവന്‍ ഓവറുകളും പൂര്‍ത്തിയാക്കിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ വലതു തോളിന് പരിക്കേറ്റതായി കണ്ടെത്തി. കരുതിയതിനേക്കാള്‍ മോശമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് അറിയുന്നത്. ലോകകപ്പ് മാത്രമല്ല, ഈ വര്‍ഷം ശേഷിക്കുന്ന പരമ്പരകളും താരത്തിന് നഷ്ടമായേക്കും. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയും 2024 ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സീസണും അയാള്‍ക്ക് നഷ്ടമാകും. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത ദിവസങ്ങൡ ഔദ്യോഗിക തീരുമാനമുണ്ടാകും. നസീമിന് പകരക്കാരനേയും കണ്ടെത്തേണ്ടി വരും. നേരത്തെ നടുവേദനയെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു നസീം. ഏകദിന ഫോര്‍മാറ്റില്‍ 14 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് നസീം. പാകിസ്ഥാന്റെ ഏറ്റവും ശക്തമായ ആയുധമാണ് നസീം. അത്തമൊരു താരം ടീമിലില്ലാത്തത് ടീമിന് കടുത്ത തിരിച്ചടിയാണെന്നുള്ളതില്‍ സംശയമൊന്നുമില്ല.

അതേസമയം, ഹാരിസ് റൗഫിന്റെ കാര്യത്തിലും വ്യക്തതകുറവുണ്ട്. ഇന്ത്യക്കെതിരെ ഏഷ്യാ കപ്പില്‍ അഞ്ച് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. വയറിന് ഇരുവശങ്ങളിലുമുള്ള പേശികളിലാണ് താരത്തിന്റെ പരിക്ക്. ലോകകപ്പിന് മുമ്പ് താരം ആരോ്യം വീണ്ടെടുക്കുമെന്ന് ബാബര്‍ അസം വ്യക്തമാക്കിയിരുന്നു.

Top