ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോർഡ് പാകിസ്ഥാന് സ്വന്തം

ലാഹോര്‍: ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം പാകിസ്ഥാന് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയതോടെയാണ് പാകിസ്ഥാൻ ഈ റെക്കോർഡ് കരസ്ഥമാക്കിയത്. 164 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ 100 വിജയങ്ങള്‍ സ്വന്തമാക്കിയത്. 137 മത്സരങ്ങളില്‍ 85 വിജയങ്ങളുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാനേക്കാള്‍ (63) കൂടുതല്‍ വിജയശതമാനം ഇന്ത്യയുടെ (65.03) പേരിലാണ്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ (42)- ഹൈദര്‍ അലി (15) എന്നിവര്‍ മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന രണ്ടോവറില്‍ 15 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തില്‍ തന്നെ 20 റണ്‍സടിച്ച് മുഹമ്മദ് നവാസ് (18)- ഹസന്‍ അലി (20) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാലാം പന്തില്‍ സിക്‌സടിച്ചാണ് പാകിസ്ഥാന്‍ വിജയം പൂര്‍ത്തിയാക്കിയത്.

Top